ആലപ്പുഴ : രൂക്ഷമായ പൊടിശല്യം കാരണം ഏറെ ബുദ്ധിമുട്ടുകയാണ് തത്തംപള്ളി -പുന്നമട റോഡിനരികിൽ താമസിക്കുന്നവരും ഇതുവഴി യാത്ര ചെയ്യുന്നവരും. റോഡ് ടാറിംഗ് ഉടൻ നടത്തുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും പ്രവൃത്തികൾ നീണ്ടുപോവുകയാണ്.

റോഡിന്റെ ഇരുവശത്തുമുള്ള വീടുകളിൽ താമസിക്കുന്ന പ്രായമായവരും കുട്ടികളും ശ്വാസതടസം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

പൊതുമരാുമത്ത് വകുപ്പാണ് റോഡ് നിർമ്മാണം നടത്തേണ്ടത്. അമൃത് പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടീൽ പൂർത്തിയാക്കി വാട്ടർ കണക്‌ഷൻ നൽകാൻ വൈകിയതു കാരണമാണ് റോഡിന്റെ ടാറിംഗ് ജോലികൾ താമസിക്കുന്നത്. റോഡ് തകർന്ന കിടക്കുന്നതിനാൽ ഇതുവഴിയുള്ള യാത്രയും ക്ലേശകരമാണ്. പൊടിശല്യം ഒഴിവാക്കാൻ രാവിലെയും വൈകിട്ടും വെള്ളം തളിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ദുരിതത്തിന് കുറവില്ലെന്ന് നാട്ടുകാർ പറയുന്നു.

# പൊടി മൂടി
1.വാഹനങ്ങൾ കടന്നു പോകുമ്പോൾ മറുവശം കാണാത്ത വിധം പൊടി മൂടും

2.യാത്രക്കാർക്കും നാട്ടുകാർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നു

3.പ്രധാന ടൂറിസം കേന്ദ്രമായ പുന്നമടയിലേക്ക് പോകാനുള്ള പ്രധാന വഴിയാണിത്

4.മെറ്റൽ പാകിയ റോഡിൽ ഇരുചക്രവാഹനയാത്രികർ മറിഞ്ഞ് വീഴുന്നതും പതിവ്

5.ഈ റോഡിലൂടെ ഓട്ടം വിളിച്ചാൽ ഓട്ടോറിക്കഷക്കാർ വരാറില്ലെന്നും പരാതി

പ്രദേശത്ത് പൊടിശല്യം രൂക്ഷമാണ്. റോഡ് പണി പൂർത്തിയാകുന്നതുവരെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരും

(കൊച്ചുത്രേസ്യാമ്മ,തത്തംപള്ളി കൗൺസിലർ)