 
പൂച്ചാക്കൽ : പൂച്ചാക്കൽ പൊലീസ് സ്റ്റേഷന്റെ ക്വാർട്ടേഴ്സുകൾ കാലപ്പഴക്കത്താൽ അപകടഭീഷണിയിൽ. അരനൂറ്റണ്ടിലേറെ പഴക്കമുള്ള കെട്ടിടങ്ങളുടെ കഴുക്കോൽ ദ്രവിച്ചനിലയിലും ഓടുകൾ തകർന്നനിലയിലുമാണ്. മഴ പെയ്താൽ കെട്ടിടത്തിനകത്ത് വെള്ളമാകും.
22 കെട്ടിടങ്ങൾ ഉണ്ടെങ്കിലും മൂന്ന് കെട്ടിടങ്ങൾ മാത്രമേ താമസയോഗ്യമായുള്ളൂ. നാല് ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കാനും 15 ക്വാർട്ടേഴ്സുകൾ പുനർനിർമിക്കാനും വർഷങ്ങൾക്ക് മുമ്പ് തീരുമാനിച്ചെങ്കിലും പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല. ഒരേക്കറിലധികം വരുന്ന സ്ഥലത്താണ് പൊലിസ് സ്റ്റേഷനും ക്വാർട്ടേഴ്സുകളുമുള്ളത്. ദൂരെ നിന്നും സ്റ്റേഷനിൽ ഡ്യൂട്ടിക്കായി എത്തുന്ന പൊലിസുകാരും അവരുടെ കുടുംബങ്ങളും പൊളിഞ്ഞ് വീഴാറായ ക്വാർട്ടേഴ്സിൽ താമസിക്കാൻ ഭയന്ന് ഇപ്പോൾ വാടക വീടുകൾ തേടി പോവുകയാണ്. കാലപ്പഴക്കമുള്ള ക്വാർട്ടേഴ്സുകൾ പൊളിച്ചുനീക്കാനും പുതിയ കെട്ടിടം നിർമിക്കുന്നതിനും ആഭ്യന്തര വകുപ്പ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.