ആലപ്പുഴ: കാമ്പസുകളിൽ ആക്രമണം അഴിച്ചുവിടുന്ന എസ്.എഫ്.ഐയാണ് കലാലയങ്ങളെ കുരുതിക്കളമാക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പറഞ്ഞു. എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ ഗുണ്ടകൾ സംസ്ഥാനത്തുടനീളം കാമ്പസുകളിൽ അഴിഞ്ഞാടുകയാണ്.

ഇത്തരം അക്രമങ്ങൾക്കിടയിലെ പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് ഇടുക്കിയിൽ വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ കലാശിച്ചത്. ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടന്നാൽ വിജയിക്കാനാവില്ലെന്ന വസ്തുത മനസിലാക്കി എസ്.എഫ്.ഐ കാമ്പസുകളിൽ അക്രമം കാട്ടുകയാണ്. മറ്റ് സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കുകയും രാഷ്ട്രീയം നോക്കാതെ പൊലീസ് നടപടി സ്വീകരിക്കുകയും ചെയ്താൽ മാത്രമേ കാമ്പസുകളിൽ സമാധാനം പുനഃസ്ഥാപിക്കാനാവൂ. ഇന്നലെ കേരളത്തിൽ നടന്ന അക്രമങ്ങളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് പറഞ്ഞു.