ആലപ്പുഴ: കൈനകരി കനകാശേരി പാടശേഖരത്തിലെ താത്കാലികമായി മട കുത്തിയെടുത്ത ഭാഗം ബലപ്പെടുത്താൻ 26 ലക്ഷം രൂപ അനുവദിച്ചു. മീനപ്പള്ളി,വലിയകരി പാടശേഖരങ്ങളിലെ കൃഷി പുനരാരംഭിക്കുന്നതിനായി കനകാശേരിയിലെ വെള്ളം വറ്റിച്ചു വരുന്നതിനിടെയാണ് താത്കാലികമായി കുത്തിയെടുത്ത മടയുടെ ഭാഗത്ത് വിള്ളൽ വീണത്.കൃഷി - ജലവിഭവ വകുപ്പ് മന്ത്രിമാരുടെ സന്ദർശന വേളയിൽ താത്കാലികമായി കുത്തിയുറപ്പിച്ച മട ബലപ്പെടുത്താൻ തുകയനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ജലവിഭവ വകുപ്പാണ് 26 ലക്ഷം രൂപ അനുവദിച്ചത്. കനകാശേരി പാടത്ത് മടവീഴ്ച ഉണ്ടായാൽ 450 കുടുംബങ്ങൾ വെള്ളക്കെട്ടിലാകും. ഇവിടെ പുറംബണ്ട് പൊട്ടിയാൽ മീനപ്പള്ളി,വലിയകരി പാടശേഖരങ്ങളും വെള്ളത്തിൽ മുങ്ങിത്താഴും.
''കൃഷി, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ സന്ദർശന വേളയിൽ മടകുത്തിയെടുത്ത ഭാഗം ബലപ്പെടുത്തുന്നതിനുള്ള ഫണ്ട് ആവശ്യപ്പെട്ടിരുന്നു. പാടശേഖരത്തിലെ പുറംബണ്ട് നിർമ്മാണങ്ങൾ അടിയന്തരമായി ആരംഭിക്കാൻ നിർദ്ദേശം നൽകി. ഇന്നലെ മുതൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു
(തോമസ് കെ തോമസ് എം.എൽ.എ)