തുറവൂർ : കെ.എസ്.ആർ.ടി.സി സർവീസുീൾ നിറുത്തിയതിനെത്തുടർന്ന് തുറവൂർ ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശങ്ങളായ പുത്തൻകാവ്, മനക്കോടം എന്നിവിടങ്ങളിൽ യാത്രാക്ലേശം രൂക്ഷമായി. കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോയിൽ നിന്ന് തുറവൂർ, പുത്തൻകാവ്, മനക്കോടം വഴി ആലപ്പുഴ, മേനക, തോപ്പുംപടി എന്നിവിടങ്ങളിലേക്ക് മുമ്പ് മൂന്ന് ബസ് സർവീസുകൾ ഉണ്ടായിരുന്നതാണ്.
എന്നാൽ, കൊവിഡിന്റെയും റോഡിന്റെ ശോച്യാവസ്ഥയുടെയും പേരിൽ ഈ സർവീസുകൾ നിറുത്തലാക്കി. റോഡ് ടാർ ചെയ്തിട്ടും ബസ് സർവീസ് പുനരാരംഭിക്കാൻ അധികൃതർ മടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ബസ് സർവീസ് ഇല്ലാത്തതിനാൽ ഓട്ടോയും മറ്റ് സ്വകാര്യ വാഹനങ്ങളുമാണ് പ്രദേശവാസികൾക്ക് ആശ്രയം. സ്കൂൾ കുട്ടികളടക്കം കിലോമീറ്ററുകൾ ദൂരം കാൽനടയായി സഞ്ചരിക്കേണ്ട അവസ്ഥയുണ്ട്. ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന് മനക്കോടം പാരിഷ് ഹാളിൽ ചേർന്ന കെ.എൽ.സി.എ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് ഡയറക്ടർ ഫാദർ ഫ്രാൻസിസ് കൈതവളപ്പിൽ ഉദ്ഘാടനം ചെയ്തു. കെ.ജെ. ടൈറ്റസ് അദ്ധ്യക്ഷനായി. രൂപത ജനറൽ സെക്രട്ടറി സന്തോഷ് കൊടിയനാട്ട്, സ്റ്റാൻസിലാവോസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സി.ഡബ്ലിയു. കുഞ്ഞുമോൻ (പ്രസിഡന്റ്),, കെ.ജെ. ടൈറ്റസ് (സെക്രട്ടറി), യുബി (ഖജാൻജി).