
തുറവൂർ:കുത്തിയതോട് ഗ്രാമപഞ്ചായത്തിൽ 2021-22 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി വനിതകൾക്കുള്ള ആട്ടിൻകുട്ടികളുടെ വിതരണം തുടങ്ങി. വനിതകൾക്ക് വരുമാനത്തോടൊപ്പം, മൃഗ സമ്പത്ത് വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാമസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 67 ഗുണഭോക്താക്കൾക്കാണ് മൃഗാശുപത്രി മുഖേന നല്ലയിനം ആട്ടിൻ കുട്ടികളെ നൽകുന്നത്. 6 മുതൽ 8 മാസം വരെ പ്രായമുള്ളതും 12 കിലോ തൂക്കം വരുന്നതുമായ പെണ്ണാട്ടിൻ കുട്ടികളെ 50 ശതമാനം സബ്സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്. കുത്തിയതോട് മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ ആട്ടിൻകുട്ടികളുടെ വിതരണോദ്ഘാടനം കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വത്സല നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിന്ധു ബിജു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപാ സുരേഷ്, വാർഡ് അംഗങ്ങളായ സുഗതൻ കാളപ്പറമ്പ്, കൽപ്പനാ ദത്ത് എസ്.കണ്ണാട്ട്, സനീഷ് പായിക്കാട്, ഹസീന സാദിഖ്, ഷീജ സ്റ്റീഫൻസൺ, വെറ്ററിനറി സർജൻ ഡോ. വി.എസ്. ഗുരുപ്രിയ, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ഭീഷ്മരാജ് എന്നിവർ പങ്കെടുത്തു.