ambala
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി വിളിച്ചു ചേർത്ത യോഗത്തിൽ എച്ച് .സലാം എം. എൽ. എ സംസാരിക്കുന്നു

അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ക്ഷേത്രോപദേശ സമിതി ഭാരവാഹികൾ, ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ഷേത്രം ജീവനക്കാരുടെ സംഘടനകൾ, ക്ഷേത്രവുമായി സഹകരിച്ചു പ്രവർത്തിക്കുന്ന വിവിധ വ്യക്തികൾ എന്നിവരെ പങ്കെടുപ്പിച്ച് എച്ച് .സലാം എം.എൽ.എ യോഗം വിളിച്ചു ചേർത്തു.

ക്ഷേത്രത്തിന്റെ ഭാഗമായുള്ളതും കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലുള്ള കൊട്ടാരങ്ങൾ, മാളികകൾ എന്നിവയുടെ പുനർനിർമ്മാണം, ടോയ്‌ലറ്റ് ബ്ലോക്ക്, പൊലീസ് എയ്ഡ് പോസ്റ്റ്, പാർക്കിംഗ് സൗകര്യങ്ങളുടെ വിപുലീകരണം, ദൂരസ്ഥലങ്ങളിൽ നിന്ന് ഷേത്ര ദർശനത്തിനെത്തുന്നവർക്ക് ദിവസവാടകയ്ക്ക് കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് ലഭ്യമാക്കാനാകുന്ന ഡോർമെറ്ററികൾ, ക്ഷേത്രത്തിന് സമീപം ഒഴിഞ്ഞുകിടക്കുന്ന ദേവസ്വം വക സ്ഥലങ്ങളിൽ കുട്ടികൾക്കായി പാർക്ക്, തോടുകളുടെ ശുചീകരണം എന്നിവ അടിയന്തിരമായി നടപ്പാക്കണമെന്ന് അഭിപ്രായമുയർന്നു.

ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടപ്പന്തലിലെ റോഡിന്റെ ഉയരം വർദ്ധിപ്പിച്ച് പുനർനിർമ്മിക്കണമെന്നും മഴവെള്ളമൊഴുകി മാറാൻ കാന വേണമെന്നും ആവശ്യമുണ്ടായി. എം.എൽ.എ ഫണ്ടിൽ നിന്ന് ക്ഷേത്രത്തിന്റെ വികസനത്തിന് ഫണ്ട് നിയോഗിക്കാമെന്ന് എം.എൽ.എ ഉറപ്പു നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.രമേശൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി.വേണുലാൽ, ആർ.ജയരാജ്, ശ്രീജാ രതീഷ്, പഞ്ചായത്തംഗം സുഷമ രാജീവ്, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് മധു ദേവസ്വം പറമ്പ്, സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.