 
കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി ഓഫീസ് തകർത്തു
ചാരുംമൂട് : ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിലുള്ള പ്രതിഷേധങ്ങളെ തുടർന്ന് ചാരുംമൂട്ടിലും സംഘർഷം.
കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി ഓഫീസിനുനേരെ അക്രമം. എസ് എഫ് ഐ യുടെയും കെ.എസ്.യുവിന്റെയും കൊടിമരങ്ങൾ നശിപ്പിച്ചു. സി.പി.എന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾ പൊലീസ് തടഞ്ഞു.
സി.പി.എം ന്റെ നേതൃത്വത്തിൽ നടന്ന പ്രകടനം ടൗണിന് തെക്ക് വശത്ത് വച്ചാണ് പൊലീസ് തടഞ്ഞത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. ഏരിയാ സെക്രട്ടറി ബി.ബിനു പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
ഏരിയാ കമ്മിറ്റിയംഗങ്ങളായ എ. നൗഷാദ്, എസ്.സജി, പി.മധു , ഒ.സജികുമാർ ,ഡി.വൈ.എഫ്.ഐ ബ്ളോക്ക് പ്രസിഡന്റ് ആർ.ബിനു, സെക്രട്ടറി എസ്. മുകുന്ദൻ , തുടങ്ങിയവർ നേതൃത്വം നൽകി.
ഇടുക്കി സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ താമരക്കുളം വി.വി.എച്ച്.എസ്.എസിനു മുന്നിൽ പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർ കെ.എസ്.യുവിന്റെ കൊടിമരവും കൊടിതോരണങ്ങളും നശിപ്പിച്ചതോടെയായിരുന്നു അക്രമ സംഭവങ്ങളുടെ തുടക്കം. ഇവർ പിരിഞ്ഞതോടെ കെ.എസ് യു പ്രവർത്തകർ സംഘടിച്ചെത്തി സ്കൂളിനു മുന്നിലെ എസ്.എഫ്.ഐ യുടെ കൊടിമരവും കൊടിതോരണങ്ങളും അഗ്നിക്കിരയാക്കി.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഒരു സംഘം പ്രവർത്തകർ ചാരുംമൂട് ടൗണിനു വടക്കുള്ള കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി ഓഫീസിൽ അക്രമം നടത്തിയത്. ഓഫീസിന്റെ ജനാലച്ചില്ലുകളും കസേരകളും അടിച്ചു തകർത്തു. ഓഫീസിനു മുന്നിലെ കൊടിമരം നശിപ്പിക്കുകയും ഫ്ളക്സ് ബോർഡുകൾ തകർക്കുകയും ചെയ്തു. എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
സംഭവങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും നേതൃത്വത്തിൽ വൈകിട്ട് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങൾ പൊലീസ് തടഞ്ഞു.
കോൺഗ്രസ് പ്രകടനം ടൗണിന് വടക്ക് പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ കൊല്ലം - തേനി പാതയിൽ കുത്തിയിരുന്നു. കെ.പി.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. നിർവാഹക സമിതിയംഗം കോശി.എം. കോശി, ബ്ളോക്ക് പ്രസിഡന്റ് ജി.ഹരിപ്രകാശ്, ജി.വേണു , എം.ആർ.രാമചന്ദ്രൻ , മനോജ്.സി. ശേഖർ, രാജൻ പൈനുംമൂട് തുടങ്ങിയവർ നേതൃത്വം നൽകി.
സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.