
മാന്നാർ: ഇരുമ്പ് ചീനച്ചട്ടിയിൽ ചട്ടുകം കൊണ്ട് തട്ടി പ്രത്യേകതാളത്തിൽ നാലുചക്ര തള്ളുവണ്ടിയിൽ ചൂട് കപ്പലണ്ടി വിൽക്കുന്ന മൊയ്തീൻകുട്ടിയുടെ കപ്പലണ്ടി മാഹാത്മ്യത്തിന് നാല് പതിറ്റാണ്ടിന്റെ രുചിപ്പെരുമയുണ്ട്. മലപ്പുറത്ത് നിന്ന് 1979ലാണ് മൊയ്തീൻകുട്ടിയും സഹോദരങ്ങളും മാന്നാറിലെത്തിയത്. അന്ന് മൊയ്തീൻകുട്ടിയുടെ പ്രായം 14 വയസ്.
ആദ്യരണ്ടുവർഷം അക്കാലത്തെ പ്രമുഖസ്ഥാപനമായ 'ബുഷ്‌റ ബേക്കറി'യിൽ സഹായിയായി. പിന്നെ ജ്യേഷ്ഠൻ തുടങ്ങിവച്ച കപ്പലണ്ടിക്കച്ചവടം ഉപജീവനമാക്കി. ആ കപ്പലണ്ടിരുചി ഇന്നും ചൂടാറാതെ മാന്നാറിൽ നിറഞ്ഞുനിൽക്കുന്നു. കുഴിമന്തിയും ഷവർമയുമൊക്കെയായി രുചിഭേദങ്ങൾ പലതും വന്നെങ്കിലും മൊയ്തീൻകുട്ടിയുടെ കപ്പലണ്ടി രുചിക്കായി കാത്തിരിക്കുന്ന പതിവുകാർ ഏറെയാണ്.
കൊല്ലത്ത് നിന്ന് എത്തിക്കുന്ന തോടില്ലാത്ത പച്ചക്കപ്പലണ്ടി കഴുകി ഉപ്പ് ചേർത്ത് ചീനച്ചട്ടിയിൽ നിറച്ച മണലിൽ ചുട്ടെടുത്താണ് വിൽപ്പന. പരുമലക്കടവ്, മാർക്കറ്റ് ജംഗ്‌ഷൻ, പോസ്റ്റ് ഓഫീസ് ജംഗ്‌ഷൻ, കുറ്റിയിൽമുക്കിന് സമീപം എന്നിവിടങ്ങളിലായി നാലുവണ്ടികളിലായാണ് വിൽപ്പന.
മലപ്പുറം എ.ആർ നഗർ പഞ്ചായത്തിലെ കൊളപ്പുറം സൗത്ത് അമ്പലപ്പള്ളിൽ മുഹമ്മദിന്റെ മക്കളായ മൊയ്തീൻകുട്ടി, മുസ്തഫ, മുഹമ്മദ്‌കുട്ടി, യൂസഫ്, സെയ്തലവി തുടങ്ങിയ അഞ്ച് സഹോദരങ്ങളാണ് മാന്നാറിലെ കപ്പലണ്ടി വിൽപ്പനക്കാർ. ഉച്ചക്ക് മൂന്നോടെ കച്ചവടം തുടങ്ങും. ഇതിൽ നിന്ന് ലഭിച്ച വരുമാനം കൊണ്ടാണ് മൂന്ന് പെൺമക്കളുടെ വിവാഹം മൊയ്തീൻ നടത്തിയത്.
വറുത്ത നൂറുഗ്രാം കപ്പലണ്ടി വില ₹ 20
""
പത്തിൽ പഠിക്കുന്ന ഇളയ മകനെ നല്ല നിലയിൽ എത്തിക്കണം. വയ്യാതായെങ്കിലും മാന്നാറിനെ കൈവിടാൻ മനസ് സമ്മതിക്കുന്നില്ല. പെരുന്നാളിനും വിശേഷങ്ങൾക്കും നാട്ടിൽ പോകുമ്പോൾ, എന്നാ വരുന്നതെന്ന് ചോദിച്ച് പലരും വിളിക്കും. പിന്നെങ്ങനെ വരാതിരിക്കും.
മൊയ്തീൻകുട്ടി