s

ആലപ്പുഴ : അനധികൃതമായി സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ കണ്ടെത്താൻ പുതിയ മൊബൈൽ ആപ്പ് തുറമുഖ വകുപ്പ് തയ്യാറാക്കുന്നു. വേമ്പനാട്ടുകായലിൽ സർവീസ് നടത്തുന്ന 1500 ഓളം ഹൗസ് ബോട്ടുകളിൽ പകുതിയോളം രജിസ്ട്രേഷൻ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണിത്. കായലിലെത്തിയുള്ള പരിശോധനയിലൂടെ, അനധികൃത സർവീസ് നടത്തുന്ന ഹൗസ്‌ ബോട്ടുകൾ കണ്ടെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ജി.പി.എസ് സഹായത്തോടെ മൊബൈൽ ആപ്പ് രൂപപ്പെടുത്തുന്നത്. അനധികൃത ഹൗസ്‌ബോട്ടുകൾക്കെതിരെ നടപടി സ്വീകരിക്കാൻ മാരിടൈം ബോർഡിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

ഇതിനൊപ്പം ഹൗസ്‌ബോട്ടുകളിൽ ഹോളോഗ്രാം നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്നതിനും നടപടികൾ തുടങ്ങി. ഇതിന്റെ ടെൻഡർ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതി നടപ്പാക്കാൻ തയ്യാറായി ഒരു കമ്പനി രംഗത്തെത്തിയെങ്കിലും നിയമപ്രശ്‌നങ്ങൾ ഒഴിവാക്കാൻ ടെൻഡർ ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നു.

നമ്പറടിച്ചാൽ ബോട്ടിൽ ലൈറ്റ് തെളിയും

1. മൊബൈൽ ആപ്പിൽ ബോട്ടിന്റെ നമ്പർ നൽകിയാൽ ബോട്ടിൽ ബീക്കൺലൈറ്റ് തെളിയും

2. രജിസ്റ്റർ ചെയ്ത ഹൗസ്‌ബോട്ടുകളുടെ നമ്പറടക്കമുള്ള വിവരങ്ങൾ ആപ്പിലുണ്ടാകും

3. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക

4. ഹോളോഗ്രാം നമ്പർ പ്ലേറ്റുകൾ ആദ്യഘട്ടത്തിൽ ഹൗസ്‌ബോട്ടുകളിൽ സ്ഥാപിക്കും

5. അടുത്തഘട്ടത്തിൽ ശിക്കാര-യന്ത്രവത്കൃത ബോട്ടുകളിലും ഇത്തരം നമ്പർ പ്ലേറ്റുകൾ

ഹോളോഗ്രാം നമ്പർ പ്ലേറ്റുകൾ

ബാർകോഡ് സ്‌കാൻ ചെയ്താൽ ബോട്ടിന്റെ ഇൻഷ്വറൻസ്, മലിനീകരണ സർട്ടിഫിക്കറ്റ് എന്നിവക്കൊപ്പം ഉടമയുടെയും ജീവനക്കാരുടെ വിവരങ്ങളുമുണ്ടാകും. കെ.ഐ.വി എന്ന് തുടങ്ങുന്നതാകും നമ്പർ. ജില്ല, രജിസ്റ്റർ ചെയ്ത സ്ഥലത്തിന്റെ കോഡ്, വർഷം എന്നിവയുമുണ്ടാകും. നേരത്തേ നമ്പറുണ്ടായിരുന്നെങ്കിലും ബാർകോഡുണ്ടായിരുന്നില്ല.

പിടികൂടുന്ന ബോട്ടുകൾക്കായി

പാർക്കിംഗ് യാർഡ്

അനധികൃതമായി സർവിസ് നടത്തുന്ന ഹൗസ്‌ബോട്ടുകൾ പിടിച്ചെടുത്ത് സൂക്ഷിക്കാൻ മാരിടൈം ബോർഡ് പാർക്കിംഗ് യാർഡ് നിർമിക്കും. വേമ്പനാട്ടുകായലിനോട് ചേർന്ന് ആര്യാട് ചർച്ച് ബോട്ട് ജെട്ടിക്കരികിലായാണ് യാർഡ്. ഇവിടെ ബോട്ടുകളുടെ സുരക്ഷക്ക് സി.സി ടിവിയും സ്ഥാപിക്കും.

260- 300

സി.ഡബ്ല്യൂ.ആർ.എമ്മിന്റെ (കമ്മിഷൺ ഒൺ വാട്ടർ റിസോഴ്‌സ് മാനേജ്‌മെന്റ) കണക്ക് പ്രകാരം വേമ്പനാട്ടു കായലിൽ 260- 300 ബോട്ടുകൾക്ക് മാത്രമേ സർവീസ് നടത്താൻ അനുമതിയുള്ളൂ

1500

ഇപ്പോൾ ജില്ലയിൽ വേമ്പനാട്ട് കായലിൽ സർവീസ് നടത്തുന്നത് 1500ൽ അധികം ഹൗസ് ബോട്ടുകൾ

900

രജിസ്ട്രേഷനുള്ളത് 900 ബോട്ടുകൾക്ക് മാത്രം

രജിസ്‌ട്രേഷൻ നിറുത്തി

വേമ്പനാട്ടു കായലിലെ സവാരിക്ക് പുതിയ ഹൗസ് ബോട്ടുകൾക്ക് രജിസ്‌ട്രേഷൻ നടൽകുന്നത് നിറുത്തി വച്ചിരിക്കുകയാണ്. എന്നാൽ, കൊടുങ്ങല്ലൂർ ,കൊല്ലം എന്നിവിടങ്ങളിൽ നിന്ന് ബോട്ട് പണിയാനുള്ള അനുമതി വാങ്ങിയ ശേഷം രജിസ്‌ട്രേഷനും ഇൻഷ്വറൻസും ഇല്ലാതെ വേമ്പനാട്ടുകാട്ടുകായലിൽ സർവീസ് നടത്തുയാണ് പതിവ്

മൊബൈൽ ആപ്പ് നിലവിൽ വരുന്നതോടെ തുറമുഖ വകുപ്പിന്റെ രജിസ്‌ട്രേഷനില്ലാതെ സർവിസ് നടത്തുന്ന ബോട്ടുകൾ വേഗത്തിൽ കണ്ടെത്താൻ കഴിയും

-(മാരിടൈം ബോർഡ് അധികൃതർ)