
ആലപ്പുഴ: വേനൽ കടുത്തതോടെ എ.സി വിപണിയിൽ ഉണർവ്. വിപണി സാദ്ധ്യതകൾ മുൻകൂട്ടി കണ്ട് നിരവധി ഓഫറുകളാണ് കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വരവറിയിച്ച കഴിഞ്ഞ രണ്ട് വർഷവും കച്ചവടം കുറവായിരുന്നെങ്കിലും ഇത്തവണ കടകളിൽ തിരക്കേറുന്നുണ്ട്. കൂളായിരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വൈദ്യുതി ബിൽ ചോദ്യചിഹ്നമായതിനാൽ ഇൻവെർട്ടർ എ.സിയോടാണ് കൂടുതൽപ്പേർക്കും പ്രിയം. സാധാരണ എയർ കണ്ടീഷനറുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ തോതിലുള്ള വില വ്യത്യാസമുണ്ട്. വൈദ്യുതബില്ലിൽ 30 മുതൽ 40 ശതമാനം വരെ കുറവുണ്ടാകുമെന്നാണു കമ്പനികൾ അവകാശപ്പെടുന്നത്. ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് എ.സി വിപണി സജീവമാകുന്നത്. വീടുകളിൽ ഒരു ടൺ ശേഷിയുള്ളവയാണ് സാധാരണയായി ഉപയോഗിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ സെൻട്രലൈസിഡ് എ.സികളായതിനാൽ 4 ടണ്ണിന്റെ ശേഷി ആവശ്യമാണ്. ഇതിന് ഒരു ലക്ഷത്തിന് മുകളിലാണ് വില. മുൻനിര കമ്പനികളായ വോൾട്ടാസ്, എൽ.ജി, ബ്ലൂ സ്റ്റാർ തുടങ്ങിയവയ്ക്ക് വില കൂടുതലാണ്. ഗ്യാരന്റി, വാറന്റി, സർവീസ്, ബ്രാൻഡ് മൂല്യം തുടങ്ങിയവയാണ് വില നിശ്ചയിക്കുന്നത്.
താരമായി ഇൻവെർട്ടർ എ.സി
വിപണിയിലെ താരമാണ് ഇൻവെർട്ടർ എ.സി. മുറികളിലെ താപനിലയ്ക്ക് അനുസൃതമായി വൈദ്യുതി ഉപയോഗം സ്വയം ക്രമപ്പെടുത്തുന്നതാണ് ഇൻവെർട്ടഡ് എ.സിയുടെ പ്രത്യേകത. സാധാരണ എ.സി.കളെ അപേക്ഷിച്ച് ഇവയ്ക്ക് വൈദ്യുതി ഉപഭോഗം കുറവാണ്. മൂന്ന് വർഷം മുമ്പാണ് ഇൻവെർട്ടഡ് എ.സികൾ വിപണിയിലെത്തിയത്. മുമ്പ് ത്രി സ്റ്റാർ എ.സികളാണ് കൂടുതൽ വിറ്റിരുന്നതെങ്കിൽ ഇപ്പോൾ വൈദ്യുതി ഉപയോഗം കുറവുള്ള ഫെവ് സ്റ്റാർ എ.സികൾക്കാണ് ഡിമാൻഡ്. പകൽച്ചൂടിനെക്കാൾ രാത്രികാലത്തെ ചൂടാണ് എ.സി വിൽപ്പന കൂട്ടുന്നത്.
വില നിലവാരം
ഒരു ടണ്ണിന്റെ ഫിക്‌സഡ് സ്പീഡ് - ₹ 22,500(ശരാശരി)
ഒരു ടണ്ണിന്റെ 3 സ്റ്റാർ ഇൻവെർട്ടഡ് - ₹ 25,900 (ശരാശരി)
5 സ്റ്റാർ ഇൻവേർട്ടഡ് - ₹ 29,000(ശരാശരി)
വൈഫൈ കൺട്രോൾ
ഇന്റർനെറ്റ് വഴി എ.സികളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്നതാണ് വൈഫൈ മോഡലുകളുടെ ഗുണം. മൊബൈൽ വഴി എവിടെയിരുന്നും വീട്ടിലെ എ.സി ഓണാക്കാം. വീട്ടിലെത്തുമ്പോഴേക്കും മുറിആവശ്യത്തിന് തണുപ്പിലെത്തിയിരിക്കും. തുടക്കകാലത്ത് വൈഫൈ മോഡലുകൾക്ക് വൻ വിലയായിരുന്നു. എന്നാലിപ്പോൾ ശരാശരി 1,000 രൂപ വ്യത്യാസമുള്ളു.