fish

ആലപ്പുഴ: ഇടനിലക്കാരെ ഒഴിവാക്കി വഴിയോരങ്ങളിൽ മത്സ്യത്തൊഴിലാളികൾ നടത്തിയിരുന്ന വിപണനം കടലിലെ മത്സ്യക്ഷാമത്തെ തുടർന്ന് പ്രതിസന്ധിയിൽ. വേനൽച്ചൂട് കനത്തതോടെ കടലിൽ നിന്നുള്ള മത്സ്യലഭ്യതയ്ക്ക് വലിയ കുറവാണുണ്ടായത്.

ഡിസംബർ മുതൽ മേയ് വരെയുള്ള സമയത്ത് മത്സ്യലഭ്യത കുറയുന്നത് ജില്ലയിലെ ആയിരക്കണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കി. ഭാരിച്ച ഇന്ധന ചെലവിനുള്ള പണം പോലും ലഭിക്കാത്തതിനാൽ ബോട്ടുകളും വലിയ വള്ളങ്ങളും മത്സ്യബന്ധനത്തിന് പോകുന്നില്ല.
ഈ അവസരത്തിൽ മൂന്നുപേർ കയറുന്ന പൊന്തുവള്ളങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു ഇവർക്ക് ആശ്വാസം. ഇത്തവണ കാലാവസ്ഥാ വ്യതിയാനവും കടലിലെ നീരോഴുക്ക് മാറ്റവും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പൊന്തുവള്ളങ്ങളിലെ തൊഴിലാളികൾക്കും മത്സ്യം കിട്ടാതായതോടെ വരുമാനം നിലച്ച അവസ്ഥയാണ്. ചെമ്മീൻ, അയല, മത്തി, മണങ്ങ്, കുറിച്ചി, മറ്റ് ചെറുമത്സ്യങ്ങൾ എന്നിവയാണ് പൊന്തുവള്ളങ്ങൾക്ക് കൂടുതലായി ലഭിച്ചിരുന്നത്. രാസവസ്തുക്കൾ പുരളാത്ത നല്ല മത്സ്യം ലഭിക്കുമെന്നതിനാൽ കച്ചവടവും ലഭിച്ചിരുന്നു.

മത്സ്യലഭ്യത വലിയതോതിൽ കുറഞ്ഞു

1. കഠിനമായ ചൂടും നീരൊഴുക്ക് മാറിയതും മത്സ്യലഭ്യത കുറച്ചു

2. ഒരു ദിവസത്തെ കൂലി പോലും ലഭിക്കുന്നില്ല

3. മുൻകാലങ്ങളിൽ ലാഭം കൊയ്തിരുന്നത് ഇടനിലക്കാർ
4. തൊഴിലാളികൾ നേരിട്ട് വിൽപ്പന തുടങ്ങിയതോടെ ന്യായവില ലഭിച്ചു

5. മീൻ ലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി

6. ഒന്നിലധികം വള്ളക്കാർ ചേർന്നും പാതയോരത്ത് വിൽപ്പന നടത്തിയിരുന്നു

പ്രധാന വില്പന കേന്ദ്രങ്ങൾ

പുറക്കാട്, തോട്ടപ്പള്ളി, ആനന്ദേശ്വരം, പുന്തല, കരൂർ, വളഞ്ഞവഴി, പുന്നപ്ര, വണ്ടാനം, കളർകോട്, കളപ്പുര ജംഗ്ഷൻ, തുമ്പോളി, പാതിരാപ്പള്ളി, കരുവാറ്റ, ഹരിപ്പാട്, ചേപ്പാട്, തൃക്കുന്നപ്പുഴ- ആറാട്ടുപുഴ, കരൂർ - ചേർത്തല തീരദേശ റോഡിന്റെ വിവിധ ഭാഗങ്ങൾ.

മാർക്കറ്റിൽ വരവ് മത്സ്യം

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മീനുകളാണ് ഇപ്പോൾ വിപണിയിലേറെയും. ആഴ്ചകൾ പഴക്കമുള്ളതിനാൽ അഴുകാതിരിക്കാൻ രാസവസ്തുക്കളും ചേർക്കുന്നുണ്ട്. കറിവയ്ക്കുമ്പോൾ രുചിവ്യത്യാസം അനുഭവപ്പെടുന്നതിനാൽ ആവശ്യക്കാർ കുറഞ്ഞു. ട്രോളിംഗ് നിരോധനത്തിന് ശേഷം കേരള തീരത്ത് നിന്ന് പോകുന്ന ബോട്ടുകാർക്ക് കാര്യമായ കോള് ലഭിക്കുന്നില്ല.

മീൻ വില (കിലോഗ്രാമിന്)

നെയ്‌മീൻ ₹ 600 - 650

ചൂര ₹ 350 - 400

സുന്ദരമത്തി ₹ 140 - 160

കരിച്ചാള ₹ 80 - 100

വലിയ അയല ₹ 150 - 170

ചെറിയ അയല ₹ 80 - 100

പൂവാലൻ ചെമ്മീൻ ₹ 200 - 250

കരിക്കാടി ചെമ്മീൻ ₹ 100 - 150

മണങ്ങ് ₹ 100 150

കുറിച്ചി ₹ 75 - 100

""

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനാണ് പാതയോരത്ത് തൊഴിലാളികൾ നേരിട്ട് മത്സ്യം വിൽക്കുന്നത്. എന്നാൽ മത്സ്യലഭ്യത കുറഞ്ഞത് തൊഴിലാളികൾക്ക് തിരിച്ചടിയായി.

പ്രമോദ്, മത്സ്യത്തൊഴിലാളി കൂട്ടായ്മ, തോട്ടപ്പള്ളി