ambala
പഴയ നടക്കാവ് റോഡിൽ കോയിത്തറ കടവ് പാലം മുതൽ പൂക്കൈത ആറ് വരെയുള്ള നടവഴി

അമ്പലപ്പുഴ : അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൃഷിഭവന് കിഴക്ക് പഴയ നടക്കാവ് റോഡിലെ കോയിത്തറ കടവ് പാലം മുതൽ പൂക്കൈത ആറ് വരെയുള്ളവർ ഗതാഗത മാർഗമില്ലാതെ വലയുന്നു. നാലുപാടം, നാനേകാട്, കാട്ടുകോണം എന്നീ പാടശേഖരങ്ങളിലെ അഞ്ഞൂറോളം കർഷകരും നാലു പാടം പാടശേഖരത്തിലെ ബണ്ടിലെ രണ്ട് കോളനികളിലെയടക്കം ഇരുന്നൂറോളം വീട്ടുകാരുമാണ് വർഷങ്ങളായി ബുദ്ധിമുട്ടനുഭവിക്കുന്നത്.

പുറംബണ്ടിലെ നടവഴി മഴക്കാലത്ത് ചെളിക്കുണ്ടായി മാറുന്നതോടെ യാത്രാദുരിതം ഇരട്ടിക്കും. ഇവിടെ യാത്രക്കാർ തെന്നിവീഴുന്നത് പതിവാണ്. വഴിയിലുള്ള രണ്ടു പാലങ്ങളാകട്ടെ പ്രായമായവർക്ക് കയറാൻ പറ്റാത്ത തരത്തിലുള്ള പടികളുള്ളതാണ്. വൃദ്ധർക്ക് അസുഖം ബാധിച്ചാൽ കസേരകളിൽ ഇരുത്തി ചുമന്നാണ് റോഡിൽ എത്തിക്കുന്നത്.

പാടശേഖരങ്ങളിലേക്ക് വിത്തും, വളവും മറ്റും തലച്ചുമടയാണ് കർഷകർ എത്തിക്കുന്നത്. മടവീഴ്ച ഭീഷണി നേരിടുമ്പോൾ ചാക്കിൽ മണ്ണു നിറച്ച് തലച്ചുമടായി ഇവിടേക്ക് എത്തിക്കേണ്ടി വരും. കൊയ്ത്തു കഴിഞ്ഞ് നെല്ല് വള്ളത്തിൽ കയറ്റി പൂക്കൈത ആറിന് സമീപത്തെത്തിച്ചു നൽകേണ്ടതും കൃഷിക്കാരാണ്. വലിയ വള്ളങ്ങൾ തോട്ടിലൂടെ വരാത്തതിനാൽ ചെറിയ വള്ളങ്ങളിൽ നെല്ലു കയറ്റി തൊഴിലാളികൾ വലിച്ചുകൊണ്ടാണ് ലോഡിംഗ് സ്ഥലത്ത് എത്തിക്കുന്നത്.

കോയിത്തറ കടവ് പാലം മുതൽ പൂക്കൈത ആറ് വരെ 2കി.മീ. ദൂരം

മഴക്കാലത്ത് തെന്നിവീഴും

1.പുറംബണ്ടിലെ നടവഴി മഴക്കാലത്ത് ചെളിക്കുണ്ടായി മാറും

2.രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് കസേരയിലിരുത്തി ചുമന്ന്

3.പാലങ്ങളിലെ പടികൾ കയറാൻ പ്രായമായവർ വളരെ ബുദ്ധിമുട്ടുന്നു

4.ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ കർഷകർക്ക് അധിക ചിലവ്

5.കാടുപിടിച്ച നടവഴിയിൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷം

നെല്ല് വള്ളത്തിൽ കയറ്റാൻ ക്വിന്റലിന് 45 രൂപയും ലോറിയിൽ കയറ്റാൻ 35 രൂപയും വള്ളത്തിൽ കയറ്റി ലോറി കിടക്കുന്ന സ്ഥലം വരെ എത്താൻ ക്വിന്റലിന് 100 രൂപയും നൽകേണ്ടി വരുന്നു. പാടശേഖരത്തു നിന്നും നെല്ല് കയറ്റിയ വള്ളം വലിച്ചുകൊണ്ടു പോകുവാൻ പത്തോളം തൊഴിലാളികൾക്ക് കൂലി നൽകണം

-സുമേഷ്, കാട്ടുകോണം പാടശേഖര സമിതി സെക്രട്ടറി

വിത്ത്,വളം,നീറ്റുകക്ക തുടങ്ങിയവ കൃഷിയിടങ്ങളിൽ എത്തിക്കാനും നെല്ല് സംഭരണത്തിനായി റോഡുകളിലേക്ക് എത്തിക്കുന്നതിനും കർഷകർക്ക് ഭീമമായ തുകയാണ് അധികമായി ചിലവാകുന്നത്. പോളയും കാടും പിടിച്ചടഞ്ഞ തോടുകളും ഇതിനോട് ചേർന്നുള്ള നടവഴിയും ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്

-കെ.അനിൽകുമാർ. പ്രദേശവാസി