s
കെ.പി റോഡിൽ കറ്റാനം ജംങ്ഷന് കിഴക്കു ഭാഗത്തെ മാലിന്യ കൂമ്പാരം

കറ്റാനം: കെ.പി​ റോഡി​ൽ കറ്റാനം ജംഗ്ഷനും സ്വകാര്യ ആശുപത്രിക്കും ഇടയിൽ മാലി​ന്യനി​ക്ഷേപത്തി​ന്റെ കേന്ദ്രമാകുമ്പോൾ യാത്രക്കാർക്കും നാട്ടുകാർക്കും പൊറുതി​മുട്ടുകയാണ്. വർഷങ്ങളായുള്ള ഈ മാലി​ന്യ നി​ക്ഷേപത്തെക്കുറി​ച്ച് പരാതി​ പറഞ്ഞ് മടുത്ത് കടുത്ത പ്രതി​ഷേധത്തി​ലാണ് നാട്ടുകാർ.

ഒന്നര വർഷം മുൻപ് പൊതുമരാമത്ത് അധികൃതരുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നുവെങ്കി​ലും കാര്യമായ ഫലമുണ്ടായില്ല. രാത്രി കാലത്താണ് ചാക്കിൽ കെട്ടിയ മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നത്. ഇതിന് തൊട്ടടുത്താണ് ആരോഗ്യ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇതു വഴി കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുവാൻ കഴിയാത്ത സ്ഥിതിയിലാണ്. ഒട്ടേറെ ഭക്ഷണശാലകളാണ് തൊട്ടടുത്തായി ഉള്ളത്. സമീപത്തെ തേക്കിഴേത്തു നീരൊഴുക്ക് തോട്ടിലും മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന അവസ്ഥയാണ്. ഇത് ഒട്ടേറെ പേർക്കാണ് ദുരിതമായി മാറുന്നത്. കറ്റാനം ജംഗ്ഷന് കിഴക്കു വശമുള്ള സ്വകാര്യ ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്ത് റോഡിലും സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും വൻ മാലിന്യ നിക്ഷേപമാണുള്ളത്. പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ നൂറു കണക്കിന് മാലിന്യ കെട്ടുകളാണ് ഇപ്പോൾ ഇവിടെ ഉള്ളത്.ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നും ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു.

......................................


കെ.പി റോഡിൽ കറ്റാനത്തെ ഈ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശനമായും നടപടി എടുക്കും. ഇതൊരു സാമൂഹ്യ ദ്രോഹ പ്രവർത്തനം തന്നെയാണ്.

സുരേഷ് പി.മാത്യൂ
വൈസ് പ്രസിഡന്റ്,
ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത്


ഒരു തരത്തിലും സ്ഥാപനത്തിൽ ജോലി ചെയ്യുവാൻ പറ്റാത്ത അവസ്ഥയിലാണ്. ദുർഗന്ധം മാത്രമല്ല ഇത് രോഗ ഭീതിയും പരത്തുന്നു

ജയ സന്തോഷ്, ആരോഗ്യ ലാബ് ഉടമ


യാത്രക്കാർക്കും നാട്ടുകാർക്കും ഏറെ ബുദ്ധിമുട്ടായി മാറുകയാണ് ഇവിടം. ആരോഗ്യ പ്രശ്നത്തിനും കാരണമാകുന്നു. ഉടനടി പരിഹാരം ഉണ്ടാകണം.

കെ.കെ.കുട്ടപ്പൻ,
തടാലി വിളയിൽ