s

ആലപ്പുഴ: രാജ്യത്ത് ആദ്യമായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന കേരളാ ഒളിമ്പിക്സിന് മുന്നോടിയായുള്ള ജില്ലാ ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇ.എം.എസ് സ്റ്റേഡിയത്തിൽ തുടക്കമായി. മന്ത്രി സജി ചെറിയാൻ ഒളിമ്പിക്സ് ദീപശിഖ ജ്വലിപ്പിച്ച് അർജുന അവാർഡ് ജേതാവ് സജി തോമസിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രവർത്തനം കായിക രംഗത്ത് ഉണർവുണ്ടാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴയുടെ അഭിമാനമാകേണ്ട ഇ.എം.എസ് സ്റ്റേഡിയം കാടുപിടിച്ച് കിടക്കുകയാണ്. ഒരുവർഷത്തിനുള്ളിൽ സ്റ്റേഡിയം നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭാദ്ധ്യക്ഷ സൗമ്യാരാജ്, ജില്ലാ കളക്ടർ എ. അലക്സാണ്ടർ, ആലപ്പുഴ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ്, ബി. അജേഷ്, കവിത, വി.ടി. രാജേഷ്, വി.എൻ. വിജയകുമാർ, സി.വി. മനോജ് കുമാർ, അഡ്വ. എ.എ. റസാഖ്, എ.എൻ. പുരം ശിവകുമാർ, കിരൺ മാർഷൽ, നിമ്മി അലക്സാണ്ടർ, കെ.എ. വിജയകുമാർ, അഡ്വ. കുര്യൻ ജയിംസ്, പി.കെ. ഉമാനാഥൻ, ടി.കെ. അനിൽകുമാർ, ടി. ജയമോഹൻ, ആർ. ബിജുരാജ് എന്നിവർ സംസാരിച്ചു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു സ്വാഗതവും സെക്രട്ടറി സി.ടി. സോജി നന്ദിയും പറഞ്ഞു.
ഉദ്ഘാടന ഇനമായ ഹോക്കിയിൽ എട്ട് പുരുഷ ടീമുകളും നാല് വനിതാ ടീമുകളും പങ്കെടുത്തു. സെമിഫൈനലിൽ അരൂർ അക്കാഡമിയെ അഞ്ചിനെതിരെ എട്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ധ്യാൻചന്ദ് ഹോക്കി അക്കാഡമി ഫൈനലിൽ പ്രവേശിച്ചു.