തുറവൂർ: കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തയ്യിൽ തോട് നവീകരിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. കോടംതുരുത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ പ്രധാന തോടാണിത്. കഴിഞ്ഞ 35 വർഷമായി എക്കൽ മണ്ണും, മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് നിലച്ച അവസ്ഥയിലായിരുന്നു. ഇതിനെ തുടർന്ന് 3,12,13,14 എന്നീ വാർഡുകളിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 6 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് അഖില രാജൻ, വാർഡ് അംഗങ്ങളായ കണ്ണൻ കെ.നാഥ്, ജയിംസ് ആലത്തറ, ഗീതാ ഉണ്ണി എന്നിവർ പങ്കെടുത്തു.