ആലപ്പുഴ: ജില്ലലെ റേഷൻ വിതരണം ഇന്നലെ മുതൽ സാധാരണ നിലയിലേക്കെത്തി. നാല് ദിവസമായി പണിമുടക്കിയ ഇ - പോസ് മെഷീന്റെ തകരാറാണ് പരിഹരിച്ചത്. തിരക്കുണ്ടായിരുന്നെങ്കിലും കടകളിലെത്തിയ എല്ലാവർക്കും റേഷൻ നൽകാനായെന്ന് വ്യാപാരികൾ പറയുന്നു. ഇന്നലെ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് റേഷൻ കടകളുടെ പ്രവർത്തനം ക്രമീകരിച്ചത്. ഈ മാസം 18 വരെയാണ് ക്രമീകരണം. ഈ മാസം അരലിറ്റർ മണ്ണെണ്ണ അധികം ഉള്ളതിനാൽ ധാരാളം പേർ കടയിലെത്തുന്നുണ്ട്. റേഷൻ വിതരണത്തിലെ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ജില്ലയിലെ എല്ലാ റേഷൻ കടകളും ഇന്നലെ തുറന്ന് പ്രവർത്തിച്ചു. 1246 റേഷൻ കടകൾ വഴി 11,918 ലക്ഷം കാർഡ് ഉടമകൾ സാധനങ്ങൾ വാങ്ങി. 2017 ഏപ്രിൽ ഒന്ന് മുതലാണ് റേഷൻ വിതരണം ഇ - പോസ് സംവിധാനത്തിലേക്ക് മാറിയത്.
''''
ജില്ലയിൽ റേഷൻ വിതരണം ഇന്നലെ മുതൽ പുനരാരംഭിച്ചു. ചൊവ്വാഴ്ച വരെ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചിട്ടുണ്ട്.
ബീന, ജില്ലാ സപ്ലൈ ഓഫീസർ
''''
ഇ - പോസ് മെഷിന്റെ അടിക്കടിയുള്ള തകരാർ റേഷൻ വിതരണത്തിന്റെ സുഗമമായ നടത്തിപ്പിന് വെല്ലുവിളിയാണ്. പ്രശ്നം ഉടൻ പരിഹരിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. ഇന്നലെ തിരക്കുണ്ടായിരുന്നെങ്കിലും റേഷൻ വിതരണം സുഗമമായി നടന്നു.
എൻ. ഷിജീർ, കെ.എസ്.ആർ.ആർ.ഡി.എ
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി