കരുവാറ്റ: ധീരജവാൻ കരുവാറ്റ എൻ.സന്തോഷ് കുമാറിന്റെ 20-ാം വീരമൃത്യുദിനാചരണം ധീരജവാന്റെ സ്മൃതിമണ്ഡപത്തിൽ നടന്നു. കുമാരപുരം ഗവ.എൽ.പി.ബി.എസിലെ (ആശ്രമം സ്കൂൾ) വിദ്യാർത്ഥികൾ പുഷ്പാർച്ചന നടത്തി. ധീരജവാന്റെ ഓർമ്മയ്ക്കായി അധികൃതർ ഒരു പൊതുസ്മാരകം നിർമ്മിക്കാത്തതിൽ ധീരജവാൻ സന്തോഷ് കുമാർ സ്മാരകസമിതി പ്രതിഷേധിച്ചു. സമിതി പ്രസിഡന്റ് എൻ.സുരേഷ് കുമാർ ദേശീയപതാക ഉയർത്തി. സോൾജിയേഴ്സ് ഓഫ് ദി ഈസ്റ്റ് വെനീസ് ഭാരവാഹികൾ ധീരജവാന്റെ മാതാവ് സരസമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു. ദേശഭക്തിഗാനാലാപനത്തെ തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ സെക്രട്ടറി എൻ.പത്മകുമാർ സ്വാഗതം പറഞ്ഞു.