 
മാവേലിക്കര: ചെട്ടികുളങ്ങരയിലെ പ്രധാന റോഡുകളിലും പറമ്പുകളിലും അറവ് മാലിന്യവും കക്കൂസ് മാലിന്യവും തള്ളുന്നത് പതിവാകുന്നു. തട്ടയ്ക്കാട്ട് പടി - കമ്പനി പടി റോഡ്, ചെട്ടികുളങ്ങര ക്ഷേത്രത്തിന് കിഴക്ക് വശം, കാട്ടുവള്ളി - അഞ്ചു മുറികട റോഡ് എന്നിവിടങ്ങളിലാണ് മാലിന്യ നിക്ഷേപം. സാമൂഹ്യ വിരുദ്ധർ രാത്രികാലങ്ങളിൽ മാലിന്യങ്ങൾ ചാക്കിൽ കെട്ടി ഈ മേഖലയിൽ ഉപേക്ഷിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
തെരുവു നായ്ക്കൾ ഇത് കടിച്ച് റോഡിൽ ഇടുന്നതുകാരണം നാട്ടുകാർക്കും യാത്രക്കാർക്കും മുക്കു പൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനെതിരെ നാട്ടുകാർ മാവേലിക്കര പൊലീസ്, പഞ്ചായത്ത് ആരോഗ്യ വിഭാഗം, വാർഡ് മെമ്പർമാർ എന്നിവരുടെ സഹകരണത്തോടെ ജാഗ്രത പ്രതിരോധ സമിതി രൂപീകരിക്കുകയാണ്. പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനുവാനും രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമ നടപടികൾക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.