ഹരിപ്പാട്: സ്വാമി വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ടി. കെ. മാധവൻ മെമ്മോറിയൽ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. വോളണ്ടിയേഴ്സ് സീഡ് ലെറ്റർ കൈമാറിക്കൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറച്ചു . തങ്ങളുടെ സുഹൃത്തുക്കളുടെ വ്യക്തിത്വത്തിലെ മികവ് ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള കത്തിൽ, പച്ചക്കറിയുടെ വിത്തുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് വോളണ്ടിയേഴ്സ് കത്തുകൾ തയ്യാറാക്കിയത്. ശേഷം വോളണ്ടിയേഴ്സ് പച്ചക്കറി വിത്തുകൾ പാകുകയും യുവജന സന്ദേശ റാലി സംഘടിപ്പിക്കുകയും ചെയ്തു. കോളേജ് പരിസരത്തുള്ള റോഡുകൾ പ്ലാസ്റ്റിക് വിമുക്തമാക്കുകയും പരിസര ശുചീകരണത്തിന്റെയും വൃത്തിയുടെയും സന്ദേശം പരിസരപ്രദേശങ്ങളിൽ എത്തിക്കുകയും ചെയ്തു. കാമ്പസിലും കോളേജ് ബസ് സ്റ്റോപ്പിലും മരങ്ങൾ നട്ടു. സ്വാമി വിവേകാനന്ദ ദർശനങ്ങളെ ആസ്പദമാക്കി പ്രസംഗമത്സരവും പോസ്റ്റർ രചനയും സംഘടിപ്പിച്ചു. പ്രോഗ്രാം ഓഫീസറായ പ്രീത എം. വി പരിപാടികൾക്ക് നേതൃത്വം നൽകി.