ആലപ്പുഴ: വിശാലമായ പുൽത്തകിടി, വർണക്കാഴ്ചയൊരുക്കി വിവിധയിനം പൂക്കളും ചെടികളും, വിശ്രമിക്കാൻ പവലിയനുകൾ തുടങ്ങി നഗരവാസികൾക്കും യാത്രക്കാർക്കുമായി ആലപ്പുഴ നഗരസഭ നിർമ്മിച്ച വിശ്രമകേന്ദ്രം ശ്രദ്ധേയമാകുന്നു. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ധാരാളം പേരാണ് സമയം ചെലവഴിക്കാൻ വലിയ ചുടുകാട് പാർക്കിലെത്തുന്നത്. വൈകുന്നേരങ്ങളിലാണ് കൂടുതൽ ആളുകൾ എത്തുന്നതെന്ന് പാർക്ക് ജീവനക്കാർ പറയുന്നു.

ഒരു കിലോമീറ്റർ നീളത്തിലുള്ള നടപ്പാത വ്യായാമത്തിനായി വിനിയോഗിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി 61 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒന്നര ഏക്കറിൽ പാർക്ക് പൂർത്തീകരിച്ചിരിക്കുന്നത്. മറ്റ് ചെടികൾക്ക് പുറമേ, വിശ്രമകേന്ദ്രത്തിലേക്കുള്ള പ്രധാന പാതയ്ക്ക് ഇരുവശങ്ങളിലുമായി നക്ഷത്രവനവും ഒരുക്കിയിട്ടുണ്ട്. ദീപാലങ്കാരങ്ങളും ജലസേചനം നടത്തുന്നതിന് സ്പ്രിംഗ്ലറുകളും ഏ‌ർപ്പെടുത്തിയിട്ടുണ്ട്. വിശ്രമകേന്ദ്രത്തിലെത്തുന്നവർക്ക് ഉപയോഗിക്കാനുള്ള മൂന്ന് ടോയ്‌ലറ്റ് ബ്ലോക്കുകളും പ്രവർത്തിക്കുന്നുണ്ട്. കഫറ്റീരിയയുടെ പ്രവർത്തനം വൈകാതെ തുടങ്ങാനാണ് അധികൃതരുടെ തീരുമാനം.

സൗകര്യങ്ങൾ

30000 ചതുരശ്ര അടി പുൽത്തകിടി

6 പവലിയനുകൾ

20 ബഞ്ചുകൾ

1 കിലോമീറ്റർ നടപ്പാത

നക്ഷത്രവനം

കാട് പൂന്തോട്ടമായി

വലിയ ചുടുകാട് സംസ്കാര കേന്ദ്രത്തിന് സമീപം വർഷങ്ങളായി കാടുപിടിച്ച്, സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായിരുന്ന പ്രദേശമാണ് ഇന്ന് നഗരത്തിലെ ഏറ്റവും വലിയ വിശ്രമകേന്ദ്രമായി മാറിയത്. അധികം വൈകാതെ പാർക്കിനുള്ളിൽ ശലഭോദ്യാനം കൂടി ആരംഭിക്കാനാണ് അധികൃതർ പദ്ധതിയിട്ടിരിക്കുന്നത്. വിവിധ ഫോട്ടോഷൂട്ടുകൾക്കടക്കം ഇവിടം ലൊക്കേഷനായി തുടങ്ങിയിട്ടുണ്ട്. സ്ഥിരം ശുചീകരണ തൊഴിലാളികളെയും, പരിപാലകരെയും നിയോഗിച്ചാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.

""

ആലപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്കും ഒപ്പം ഹൈവേ യാത്രക്കാർക്കും വിശ്രമത്തിന് പ്രയോജനകരമാകുന്ന രീതിയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. ശലഭോദ്യാനവും, കഫറ്റീരിയയും കൂടി പദ്ധതിയുടെ ഭാഗമായി വരും.

സൗമ്യാരാജ്, നഗരസഭാദ്ധ്യക്ഷ