s

ആലപ്പുഴ: ആലപ്പുഴയിലെ യാത്രക്കാരോടുള്ള റെയിൽവേയുടെ അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. എല്ലാ സ്ഥലങ്ങളിലേക്കും ഒട്ടുമിക്ക സർവീസുകളും ആരംഭിച്ച റെയിൽവേ ആലപ്പുഴയിലെ യാത്രക്കാരോട് പുറംതിരിഞ്ഞ് നിൽക്കുകയാണെന്നാണ് പരാതി. എറണാകുളത്ത് നിന്ന് വൈകിട്ട് 5 ന് ശേഷം ഈ ഭാഗത്തേക്ക് ട്രെയിൻ സർവീസ് ഇല്ലാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്.

വൈകിട്ട് 6 മണിക്ക് പുറപ്പെട്ടിരുന്ന എറണാകുളം - കായംകുളം പാസഞ്ചറും, 7.40നുണ്ടായിരുന്ന എറണാകുളം - കൊല്ലം മെമുവും നിലച്ചു. 5.30നുള്ള ജനശതാബ്ദിയാണ് അവാസന സർവീസ്. ഇതിലാവട്ടെ സീസൺ ടിക്കറ്റ് അനുവദിക്കില്ല. സീസൺ ടിക്കറ്റുള്ള അവസാന ട്രെയിൻ 4.20ന് പുറപ്പെടുന്ന ഏറനാട് എക്സ്പ്രസാണ്. ഇതോടെ ജോലി കഴിഞ്ഞ് മടങ്ങാൻ ട്രെയിനില്ലാതെ വലയുകയാണ് ആലപ്പുഴയിലേക്കുള്ള യാത്രക്കാർ. തുച്ഛമായ വരുമാനത്തിന് ജോലി ചെയ്യുന്നവർക്ക് ബസിൽ അധിക തുക നൽകി യാത്ര ചെയ്യേണ്ടിവരുന്നത് സാമ്പത്തിക നഷ്ടത്തിനും വഴിയൊരുക്കും. രാവിലെ 7.25ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന മെമുവിൽ നിറയെ യാത്രക്കാരുണ്ട്. എന്നാൽ മടക്കയാത്രയിൽ നാമ മാത്രമായ യാത്രക്കാർക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുന്നത്. സ്ത്രീകളടക്കമുള്ള നിരവധി യാത്രക്കാർ പാസഞ്ചറിന്റെ അഭാവം മൂലം മറ്റ് ഗതാഗത മാർഗങ്ങളെ ആശ്രയിച്ച് വളരെ വൈകിയാണ് വീടുകളിൽ എത്തിച്ചേരുന്നത്.

വഞ്ചിനാട്, ഇന്റർസിറ്റി, വേണാട്, പരശുറാം, മലബാർ, മധുര - പുനലൂർ സ്പെഷ്യൽ എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ സീസൺ ടിക്കറ്റ് അനുവദിക്കാത്തത് യാത്രക്കാരോടുള്ള ദ്രോഹമാണെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷൻ പറയുന്നത്.

യാത്രക്കാരുടെ ആവശ്യങ്ങൾ

എല്ലാ എക്സ്പ്രസ് ട്രെയിനുകളിലും സീസൺ ടിക്കറ്റ് അനുവദിക്കുക

എറണാകുളത്ത് നിന്ന് വൈകിട്ട് 5ന് ശേഷം ട്രെയിൻ സർവീസ് പുനരാരംഭിക്കുക

എറണാകുളം - ആലപ്പുഴ സീസൺ ടിക്കറ്റ് : ₹ 180 (ഒരുമാസം)

കൊവിഡിനു മുമ്പ് വൈകിട്ട് ആറിന് പാസഞ്ചറും 7.45 ന് മെമുവും സർവീസ് നടത്തിയിരുന്നു. മെമുവിന്റെ സമയം അഞ്ച് മണിയിലേക്ക് മാറ്റുകയോ ആറിനുണ്ടായിരുന്ന കായംകുളം പാസഞ്ചർ പുനഃസ്ഥാപിക്കുകയോ വേണം. റെയിൽവേയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് യാത്രക്കാരുടെ തീരുമാനം

-ദിനു, ഫ്രണ്ട്സ് ഓൺ റെയിൽസ് കൂട്ടായ്മ