അമ്പലപ്പുഴ: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ , അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നാളെ ആരംഭിക്കുന്ന പന്ത്രണ്ട് കളഭമഹോത്സവം കടുത്ത നിയന്ത്രണങ്ങളോടെ സംഘടിപ്പിക്കുകയെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് മധു .പി .ദേവസ്വം പറമ്പ് ,സെക്രട്ടറി ജി.ഉണ്ണിക്കൃഷ്ണൻ അനുഗ്രഹ എന്നിവർ പറഞ്ഞു. കളഭ ദർശനത്തിനെത്തുന്ന എല്ലാ ഭക്തരും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. രണ്ട് മാസ്ക് ധരിക്കുകയും കൈകൾ സാനിറ്റൈസ് ചെയ്യുകയും വേണം. സാമൂഹികാകലം കൃത്യമായി പാലിക്കണം. ക്ഷേത്ര കവാടത്തിൽ ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കൂ. 60 വയസിന് മുകളിൽ പ്രായമുള്ളവരും ജീവിത ശൈലീ രോഗങ്ങളുള്ളവരും നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് കൈയിലോ മൊബൈൽ ഫോണിലോ കരുതണം.10 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവർ ക്ഷേത്ര ദർശനം പരമാവധി ഒഴിവാക്കണം. മതിൽക്കെട്ടിനുള്ളിൽ പ്രവേശിക്കുന്ന ഭക്തർ നിശ്ചിത സമയത്തിന് ശേഷം പുറത്തു പോകണം.അന്നദാനത്തിനും നിയന്ത്രണമേർപ്പെടുത്തി. ഭക്തർക്ക് കണ്ടെയ്നറുകളിൽ ഭക്ഷണം നൽകുമെന്നും ക്ഷേത്രത്തിലിരുത്തി ഭക്ഷണം കഴിക്കാൻ അനുവദിക്കില്ലെന്നും ഭാരവാഹികൾ അറിയിച്ചു.