ആലപ്പുഴ : കൊവിഡ് പ്രതിസന്ധികൾക്കിടയിലും ഈ സാമ്പത്തിക വർഷം 173 കോടി രൂപയുട‌െ കയർ ഉത്പന്നങ്ങൾ വിറ്റഴിച്ചതായി കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 165 കോട‌ിയുടെ ഉത്പന്നങ്ങളാണ് വിറ്റത്. അഞ്ചു ശതമാനം വർദ്ധനവാണ് വിറ്റുവരവിലുണ്ടായത്. കയർ ഉത്പന്നങ്ങൾ സംഭരിച്ച വകയിൽ സഹകരണ സംഘങ്ങൾക്ക് ഒമ്പതു കോടി രൂപയാണ് ഇനി നൽകാനുള്ളത്. ഇത് കൃത്യമായ ഇടവേളകളിൽ വിതരണം ചെയ്യും. 40 കോടിയുടെ ഉത്പന്നങ്ങൾ മാത്രമാണ് സ്‌റ്റോക്കുള്ളത്. വിദേശ, ആഭ്യന്തര മാർക്കറ്റുകളിൽ ഡിമാൻഡ് കുറഞ്ഞ ഫൈബർ മാറ്റ്, ബി.സി -1, ബി.സി.-20 എന്നീ കൈത്തറി ഉത്പന്നങ്ങളാണിത്. ഇവ വിറ്റഴിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. ആഭ്യന്തര മാർക്കറ്റിൽ കൂടുതൽ വിപണി കണ്ടെത്താൻ ശ്രമിക്കും. മുഴുവൻ കയറ്റുമതിക്കാരെയും പങ്കെടുപ്പിച്ചു മന്ത്രി തലത്തിൽ യോഗം വിളിക്കുമെന്നും വേണുഗോപാൽ അറിയിച്ചു.