പൂച്ചാക്കൽ: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ സി.പി.ഐ സംസ്ഥാന വ്യാപകമായി 17ന് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അരൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഇതിന്റെ ഭാഗമായി വാഹന പ്രചാരണ ജാഥ ഇന്നും നാളെയും നടക്കും. അരൂർ ഈസ്റ്റ്‌ മണ്ഡലം സെക്രട്ടറി കെ.കെ. പ്രഭാകരൻ ക്യാപ്ടനും അസി. സെക്രട്ടറി സി. ചെല്ലപ്പൻ വൈസ് ക്യാപ്ടനും സെക്രട്ടേറിയറ്റ് അംഗം ടി. ആനന്ദൻ ഡയറക്ടറുമായുള്ള ജാഥ പെരുമ്പളം മാർക്കറ്റ് ജെട്ടിക്ക് സമീപം ഇന്ന് വൈകിട്ട് 4ന് ജില്ലാ അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ 10ന് തിരുനെല്ലൂർ പോസ്റ്റ് ഓഫീസിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന ജാഥ വിവിധ ലോക്കൽ കമ്മിറ്റികളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 6ന് അരുക്കുറ്റി വടുതല ജംഗ്ഷനിൽ സമാപിക്കും. സമാപന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.