
മാവേലിക്കര: ലോറികൾക്ക് വാടക ലഭിക്കാത്തതിലും തൊഴിൽ നഷ്ടമാകുന്നതിലും പ്രതിഷേധിച്ച് മാവേലിക്കര എഫ്.സി.ഐയിൽ ലോറി ഉടമകളും തൊഴിലാളികളും റേഷൻ വിതരണം നടത്താതെ പ്രതിഷേധിച്ചു. നിലവിൽ എഫ്.സി.ഐയിൽ റേഷൻ വിതരണം നടത്തിവരുന്ന 40 ലോറികൾക്കാണ് വാടക ലഭിക്കാത്തത്. കോൺട്രാക്ടർ പുറത്തുനിന്ന് ലോറികൾ എത്തിക്കുന്നത് തൊഴിൽ നഷ്ടപ്പെടുത്തുന്നതായും പ്രതിഷേധക്കാർ ആരോപിച്ചു. ബി.എം.എസ്, സി.ഐ.ടി.യു തൊഴിലാളികളും ഉടമകളുമാണ് സമരം നടത്തിയത്. എഫ്.സി.ഐയിൽ നിന്ന് ഇന്നലെ നടക്കേണ്ട റേഷൻ വിതരണം ഇതോടെ താറുമാറായി. എഫ്.സി.ഐ ജീവനക്കാരും പൊലീസും ചർച്ച നടത്തിയെങ്കിലും റേഷൻ വിതരണം നടത്താൻ ലോറി ഉടമകളും തൊഴിലാളികളും തയ്യാറായില്ല.