മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ 2016ൽ നടന്ന തട്ടിപ്പിൽ പണം നഷ്ടപ്പെട്ട നിക്ഷേപകർ ബാങ്ക് ഹെഡ് ഓഫീസ് പടിക്കൽ നടത്തുന്ന സമരം ഒരു മാസം പിന്നിടുന്നു. ഇനി അനിശ്ചിതകാല നിരാഹാരം നടത്തുമെന്ന് കൂട്ടായ്മ പ്രതിനിധികൾ അറിയിച്ചു.

ഒരുമാസമായിട്ടും ബാങ്ക് ഭരണ സമിതിയോ സഹകരണ വകുപ്പോ നിക്ഷേപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തയ്യാറായിട്ടില്ല. ഇന്നലെ നടന്ന സമരം നിക്ഷേപക കൂട്ടായ്മ പ്രതിനിധി എം.എൻ. നൈനാൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ബി. ജയകുമാർ അദ്ധ്യക്ഷനായി. വി.ജി. രവീന്ദ്രൻ, ശ്രീലത, ലേഖ, രംഗരാജ്, ശോഭ ഹരികുമാർ, പ്രഭാ ബാബു എന്നിവർ സംസാരിച്ചു.