nis
കായംകുളം നഗരസഭയിലെ കേരഗ്രാമം പദ്ധതി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: നാളികേര മൂല്യ വർദ്ധിത ഉത്പന്ന നിർമ്മാണത്തിന് എല്ലാവരും പ്രാധാന്യം നൽകണമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കായംകുളം നഗരസഭയിലെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ കൂടുതൽ ലാഭം നേടുന്നതിനുള്ള സാദ്ധ്യത കർഷകർ പ്രയോജനപ്പെടുത്തണം. സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയിലൂടെ നാളികേര കൃഷി സംരക്ഷണവും വ്യാപനവും മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കായംകുളം നഗരസഭയിലെ 44 വാർഡുകളിലായി 250 ഹെക്ടർ സ്ഥലത്ത് 43750 തെങ്ങുകളെ സംരക്ഷിക്കാനാണ് കേരഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്നു വർഷത്തേക്ക് പദ്ധതിക്കായി 76 ലക്ഷം രൂപയാണ് ചെലവിടുക. ഇതിനായി വാർഡ് തലത്തിൽ കേര സമിതികൾ രൂപീകരിച്ചു. ചടങ്ങിൽ യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി മുഖ്യാതിഥിയായി.

ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള, കായംകുളം നഗരസഭാ വൈസ് ചെയർമാൻ ജെ. ആദർശ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ മായാദേവി, പ്രിൻസിപ്പൽ കൃഷി ഓഫിസർ ആർ. ശ്രീരേഖ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ രമാദേവി, എലിസബത്ത് ഡാനിയേൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റജീന ജേക്കബ്, ഫീൽഡ് ഓഫീസർ ജെ. ഉഷ, കായംകുളം കേരസമിതി കൺവീനർ രാധാകൃഷ്ണ മേനോൻ നഗരസഭാ സെക്രട്ടറി ധീരജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു