
മാന്നാർ: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര കോട്ടുങ്കൽ പുന്നക്കുളം സാന്ത്വനം വീട്ടിൽ സുരേഷിന്റെ മകൻ നിഖിലിനെയാണ് (19) പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്.
2021 മുതൽ ഫേസ് ബുക്കിലൂടെ പരിചയപ്പെടുകയും സ്നേഹം നടിച്ച് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വാട്സ് ആപ്പ് വഴി അയപ്പിക്കുകയും ഇവ ഉപയോഗിച്ച് ശല്യം ചെയ്തുവരികയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജനുവരി 12നാണ് പെൺകുട്ടിയെ പ്രതി തിരുവനന്തപുരത്തേക്ക് ബൈക്കിൽ തട്ടിക്കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പൊലീസിൽ പരാതി നൽകി. മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ. ജി. സുരേഷ് കുമാർ, എസ്.ഐ ഹരോൾഡ് ജോർജ്, എസ്.ഐ ജോൺ തോമസ്, പൊലീസ് ഓഫീസർമാരായ സാജിദ്, അരുൺ, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.