
ചാരുംമൂട്: കോൺഗ്രസ് മാവേലിക്കര അസംബ്ലി മണ്ഡലം ജനറൽ സെക്രട്ടറിയും കരിമുളയ്ക്കൽ സ്വദേശിയുമായ അനീഷിനെ (30) സി.പി.എം പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ നൂറനാട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. വെള്ളിയാഴ്ച രാത്രി ഏഴോടെ കരിമുളയ്ക്കലിലെത്തിയ അനീഷിന്റെ ബൈക്കിന്റെ താക്കോൽ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിടിച്ചെടുക്കയും റോഡിലിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ കറ്റാനത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് എത്തിയ കോൺഗ്രസ് പ്രവർത്തകർ സി.പി.എമ്മുകാരുടെ രണ്ട് ബൈക്കുകളും സംഭവസ്ഥലത്തുനിന്ന് ലഭിച്ച കത്തിയും പൊലീസിന് കൈമാറി. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാത്രി 8ന് ആരംഭിച്ച ഉപരോധം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗങ്ങളായ പി.പി. കോശി, ഇബ്രാംഹിംകുട്ടി, ഭാരവാഹികളായ പി. ശിവപ്രസാദ്, അച്ചൻകുഞ്ഞ്, രജിൻ, പി.എം. രവി തുടങ്ങിയവർ നേതൃത്വം നൽകി.