കായംകുളം: ദേശീയ പാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം ലഭിക്കാതെ കടകൾ ഒഴിയില്ലെന്ന് കായംകുളത്തെ വ്യാപാരികൾ.
ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടും വ്യാപാരികൾക്ക് ഇത് സംബന്ധിച്ച് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് അവർ പറയുന്നു.
നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അപേക്ഷ സ്‌പെഷ്യൽ എൻ.എച്ച് ഓഫീസിൽ നൽകിയിട്ടും നടപടികൾ ഉണ്ടായില്ല. കായംകുളത്ത് കൊറ്റുകുളങ്ങര മുതൽ മുക്കടവരെ ഇരുനൂറോളം വ്യാപാരസ്ഥാപനങ്ങളാണ് ഏറ്റെടുത്തത്. ആയിരത്തിലേറെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടും. ഹോട്ടലും വാഹനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് ഏറ്റവും കൂടുതൽ .
കൂടുതൽ ഡെപ്പോസിറ്റും വാടകയും കൊടുത്ത് മാറി പ്രവർത്തിക്കാൻ ഭൂരിഭാഗം വ്യാപാരികൾക്കും സാധിക്കുന്നില്ല. നഷ്ടപരിഹാരം ലഭിച്ചാലെ കടകൾ ഒഴിയുകയുള്ളൂവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ് സിനിൽ സബാദ് പറഞ്ഞു.