 
ആലപ്പുഴ: നാളികേരകർഷകർക്ക് ദുരിതങ്ങൾ ഒന്നിന് മീതെ ഒന്നായി വരികയാണ്. അതിൽ ഇപ്പോൾ അവസാനത്തേതാണ് വെള്ളീച്ച രോഗം. വേനൽ കടുത്തതോടെ തെങ്ങിലെ ഫംഗസ് ബാധയും വെള്ളീച്ച ആക്രമണവും രൂക്ഷമായതോടെ കേരകർഷകർക്ക് ഉള്ളിൽ തീയാണ്.
തേങ്ങയ്ക്ക് താങ്ങുവില വന്നതിന്റെ ആശ്വാസത്തിനിടെയാണ് വീണ്ടും പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. വേനൽക്കാലത്താണ് വെള്ളീച്ച ആക്രമണം രൂക്ഷമാകുന്നത്. ഇത്തവണ ജനുവരിയിൽ താപനില കൂടിയതാണ് രോഗ വ്യാപനത്തിന് ഇടയാക്കിയതെന്നാണ് കർഷകർ പറയുന്നത്.
കൂമ്പു ചീയൽ, ചെന്നീരൊലിപ്പ്, തഞ്ചാവൂർവാട്ടം, ഓലചീയൽ, കൂമ്പടപ്പ്, ഇലപ്പുള്ളി രോഗം തുടങ്ങിയ ഫംഗസ് അനുബന്ധ രോഗങ്ങളും വ്യാപകമായി. ചൂട് കൂടിയതാണ് കാരണം. തെങ്ങിന്റെ ഓലകളുടെ അടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളീച്ചകൾ ഇതിന്റെ നീര് വലിച്ച് കുടിക്കുകയാണ് ചെയ്യുന്നത്. ജില്ലയിൽ ആലപ്പുഴ നഗരം , ചേർത്തല , മാവേലിക്കര ,കുട്ടനാട് എന്നിവിടങ്ങളിലാണ് രോഗം പിടിപെട്ടിട്ടുള്ളത്. ഇപ്പോഴത്തെ കാലാവസ്ഥ ഈ വെള്ളീച്ചകളുടെ വംശവർദ്ധനവിന് അനുകൂലമെന്നതും കർഷകർക്ക് ഭീഷണിയാകുന്നു. തെങ്ങിൽനിന്ന് മറ്റ് വിളകളിലേക്കും രോഗം വ്യാപിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
......................................................
# കായ്ഫലം കുറയ്ക്കുന്ന വെള്ളീച്ചകൾ
തെങ്ങോലയുടെ അടിവശത്ത് കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്ന ചെറുപ്രാണികൾ. ഓലയുടെ അടിവശത്ത് വൃത്താകൃതിയിൽ ഇവ മുട്ടകൾ നിക്ഷേപിക്കുന്നു. 24 - 48 മണിക്കൂറിൽ കുഞ്ഞുങ്ങളുണ്ടാകും. വെള്ളീച്ചകളുടെ സ്രവം മൂലം ഉണ്ടാകുന്ന ചാരപൂപ്പൽ (സൂട്ടി മോൾ) തെങ്ങിലെ ഹരിതക പ്രവർത്തനം തടഞ്ഞ് കായ്ഫലം കുറയ്ക്കും.
.................
# നശിപ്പിക്കാം ജൈവരീതിയിൽ
* രോഗലക്ഷണങ്ങൾ കാണുന്ന ഓലകൾ മുറിച്ചു മാറ്റി തീയിടുകയും ശേഷിക്കുന്ന ഓലകളുടെ അടിഭാഗത്ത് രണ്ടു ശതമാനം വീര്യമുള്ള വേപ്പെണ്ണ -വെളുത്തുള്ളി അല്ലെങ്കിൽ ആവണക്കെണ്ണ -വേപ്പെണ്ണ സ്റ്റാനോവൈറ്റ് മിശ്രിതം തയ്യാറാക്കി 15 മില്ലി ഒരു ലിറ്റർ എന്ന തോതിൽ തയ്യാറാക്കി തളിക്കുക. കൂടാതെ വെർട്ടി സീലിയം 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന രീതിയിൽ തയ്യാറാക്കി ഓലകളിൽ നന്നായി തളിക്കുക.
വേലിച്ചെടിയുടെ ഇലയും പൂവും കായും ചതച്ച് 5 ലിറ്റർ വെള്ളം ചേർന്ന് 2-3 ലിറ്റർ മണിക്കൂർ തിളപ്പിച്ച് 1/3 ആയി വറ്റിക്കുക. അതിൽ നിന്ന് 100 എം.എൽ എടുത്ത് 20 ലിറ്റർ വെള്ളം ചേർത്ത് ചെടികളിൽ തളിച്ചും, വെർട്ടി സീലിയം 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി അല്പം ശർക്കരയും ചേർത്ത് വൈകുന്നേരങ്ങളിൽ ചെടികളിൽ തളിക്കുക.
.....................
നാളികേര കർഷകർ ദുരിതത്തിലാണ്. പലരും മറ്റ് കൃഷിയിലേക്ക് തിരിയുകയാണ്. വെള്ളീച്ച ആക്രമണത്തിന് ശ്വാശത പരിഹാരം ഇല്ല. ഫംഗസ് ബാധയാൽ തേങ്ങയുടെ എണ്ണം കുറഞ്ഞു.
വിനുപിള്ള, തെങ്ങ് കർഷകൻ, കുട്ടനാട്