ആലപ്പുഴ: വർഗസമരം രാഷ്ട്രീയമായി എല്ലാവിഭാഗങ്ങളിലും രൂപപ്പെട്ടിട്ടുണ്ടെന്നും കമ്മ്യൂണിസ്റ്റുകാരുടെ കുത്തകയല്ല ഇതെന്നും മുൻമന്ത്രി ജി. സുധാകരൻ പറഞ്ഞു. വാടപ്പുറം ബാവ ഫൗണ്ടേഷൻ സംഘടിപ്പിച്ച തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ അവകാശത്തെ ഹനിക്കുന്ന നീക്കത്തെ കമ്മ്യൂണിസ്റ്റുകാർ എതിർക്കും. വികസനകാര്യങ്ങളിൽ ഒരുതുള്ളി വിയർപ്പ് ഒഴുക്കാത്തവരാണ് വികസനത്തിന്റെ പേരിൽ പ്രസ്താവന ഇറക്കുന്നത്. ആലപ്പുഴയിൽ വിമാനത്താവളം വേണമെന്നാണ് ഇത്തരക്കാർ പറയുന്നത്. എവിടെയാണ് അതിനുള്ള സ്ഥലം. 30വർഷത്തെ ഗ്യാരന്റിയോടെയാണ് ആലപ്പുഴ നഗരത്തിൽ 12 കിലോമീറ്റർ നീളത്തിൽ റോഡ് പുനർനിർമ്മിക്കുന്നത്. നിർമ്മാണത്തിനായി റോഡ് അടച്ചാൽ വീട്ടിൽ കിടക്കുന്ന വാഹനങ്ങളുമായി അടച്ച റോഡിലൂടെ സഞ്ചരിക്കുന്ന സംസ്കാരമാണുള്ളത്.

വ്യക്തിയെ ഹീറോ ആക്കുന്നത് സമൂഹമാണ്. തൊഴിലാളികളുടെ പിന്തുണ ഇല്ലാത്തവരും സമൂഹത്തിൽ ഹീറോ ആകാൻ ശ്രമിക്കുന്നുണ്ട്.ഒരു രാഷ്ട്രീയ പിൻബലവും ഇല്ലാതെയാണ് രാജവാഴ്ചയെയും ബ്രിട്ടീഷ് ഭരണത്തെയും എതിർത്ത് വാടപ്പുറം ബാവ കയർതൊഴിലാളികളെ സംഘടിപ്പിച്ച് തിരുവിതാംകൂർ ലേബർ അസോസിയേഷന് രൂപം നൽകിയത്. തൊഴിലാളിമേഖലയിൽ ബാവ കൊളുത്തിയ ദീപം ഇന്നും കെടാവിളക്കായി ജ്വലിക്കുന്നു. അസംഘടിത മേഖലയിൽ പണിയെടുത്ത കയർതൊഴിലാളികളെ സംഘടിത ശക്തായായി വളർത്തുന്നതിന് വാടപ്പുറം ബാവ നൽകിയ സന്ദേശം പുന്നപ്ര വയലാർ സമരത്തിന് ആവേശം പകർന്നു. തൊഴിലാളികൾക്ക് വേണ്ടി പൊരുതിയ ആറാട്ടുപുഴ വേലായുധപണിക്കർ, അയ്യൻകാളി, വാടപ്പുറം ബാവ എന്നിവർ ചരിത്രപുരുഷൻമാരുടെ പട്ടികയിലാണെന്നും ജി. സുധാകരൻ പറഞ്ഞു.

വാടപ്പുറം ബാവ ഫൗണ്ടേഷൻ പ്രസിഡന്റ് സജീവ് ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ചരിത്രസെമിനാർ ഡോ. സി.ഐ. ഐസക്ക് ഉദ്ഘാടനം ചെയ്തു.പി.ഡി. ശ്രീനിവാസൻ, കെ.സി. സുധീർബാബു, വി. കമലാസനൻ, ഉദയഭാനം വാടപ്പുറം, ജാക്സൺ ആറാട്ടുകുളം എന്നിവർ സംസാരിച്ചു.