ആലപ്പുഴ: പഞ്ചകർമ്മ ചികിത്സകൾ ഉൾപ്പെടെ സ്വകാര്യ ആയുർവേദ ആശുപത്രികളിലെ കിടത്തി ചികിത്സകൾക്കെല്ലാം ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളും ഇൻഷ്വറൻസ് റഗുലേറ്ററി അതോറിട്ടിയും മുൻകൈ എടുക്കണമെന്ന് ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. മെഡിസാപ്പ് പദ്ധതിയിൽ ആയുർവേദത്തെ ഉൾപ്പെടുത്തുക, ഇ.എസ്.ഐ. ആശുപത്രികളിൽ ലഭ്യമാകാത്ത ആയുർവേദ ചികിത്സകൾ അലോപ്പതിയെപ്പോലെ സ്വകാര്യ ആശുപത്രികൾ വഴി ലഭ്യമാക്കുക, വില്ലേജ് ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ ആയുർവേദത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുക, അംഗീകൃത യോഗ്യതയില്ലാത്തവർ നടത്തുന്ന പഞ്ചകർമ്മ ചികിത്സകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

ജില്ലാ പ്രസിഡന്റ് ഡോ. രവികുമാർ കല്യാണിശേരിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം എ. എച്ച്. എം. എ. സംസ്ഥാന പ്രസിഡന്റ് ഡോ. വിജയൻ നങ്ങേലിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.ഡോ. ഷിനോയ് ആയുർക്ഷേത്ര വാർഷിക റിപ്പോർട്ടും ഡോ. സി. കെ. മോഹൻ ബാബു പ്രമേയവും അവതരിപ്പിച്ചു. ഡോ. ലിജു മാത്യു, ഡോ. കെ. എസ്. വിഷ്ണു നമ്പൂതിരി, ഡോ. എ. പി. ശ്രീകുമാർ, ഡോ. പി. പ്രസന്നൻ, മായ വിഷ്ണു നമ്പൂതിരി, ഡോ. ശ്രീവേണി എന്നിവർ പ്രസംഗിച്ചു.

 ഡോ.രവികുമാർ കല്യാണിശേരിൽ പ്രസിഡന്റ്

എ.എച്ച്.എം.എ ജില്ലാ പ്രസിഡന്റായി ഡോ. രവികുമാർ കല്യാണിശേരിലിനെ തിരഞ്ഞെടുത്തു. ഡോ.സി. കെ. ഷൈലജ (വൈസ് പ്രസിഡന്റ്), ഡോ.ഷിനോയ് ആയുർക്ഷേത്ര (സെക്രട്ടറി), ഡോ. മാത്യു കെ. സാം (ജോയിന്റ് സെക്രട്ടറി), ഡോ. സി. കെ. മോഹൻ ബാബു (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. മേഖല കൺവീനർമാരായി ഡോ. എ. പി. ശ്രീകുമാർ ( ചെങ്ങന്നൂർ), ഡോ. പി. പ്രസന്നൻ ( കായംകുളം), മായ വിഷ്ണു നമ്പൂതിരി (ആലപ്പുഴ), ഡോ. ശ്രീവേണി (ചേർത്തല) എന്നിവരെയും തിരഞ്ഞെടുത്തു.