s
മുനിസിപ്പൽ ലൈബ്രറി

ആലപ്പുഴ: പതിറ്റാണ്ടുകൾ പഴക്കമുള്ള മുനിസിപ്പൽ ലൈബ്രറിയുടെ പ്രവർത്തന സമയം കുറച്ചതിനെതിരെയുള്ള റീഡേഴ്സ് ഫോറത്തിന്റെ പരാതിക്ക് ഒരു പരിധിവരെ പരിഹാരം. നഗരസഭ ചെയർപേഴ്സൺ സൗമ്യാരാജ് ഇടപെട്ട് വൈകുന്നേരത്തെ പ്രവർത്തന സമയം ഏഴുവരെയാക്കി വർദ്ധിപ്പിച്ചു.

കൊവിഡിന് മുമ്പ് രാവിലെ 8മുതൽ രാത്രി 8മണിവരെയായിരുന്നു ലൈബ്രറിയുടെ പ്രവർത്തന സമയം. എന്നാൽ, കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെ പ്രവർത്തനസമയം രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുമണി വരെയാക്കി ചുരുക്കി. പിന്നീട് നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും ലൈബ്രറിയുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്താതിരുന്നതോടെയാണ് മുനിസിപ്പൽ ലൈബ്രറി റീഡേഴ്സ് ഫോറം രംഗത്തെത്തിയത്.സാമൂഹിക അകലം പാലിച്ച് ഒരേസമയം പത്തുപേർക്ക് ഇരുന്ന് വായിക്കാൻ കഴിയുന്ന സൗകര്യം ലൈബ്രറി ഹാളിനുണ്ട്. ലൈബ്രറിയിൽ ആയിരക്കണക്കിന് പുസ്തകങ്ങളുടെ വിപുലശേഖരവും പത്ര,മാസികകളുമാണുള്ളത്.

സർക്കാർ ഉദ്യോഗസ്ഥർക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പത്ത് മണിമുതൽ അഞ്ചു വരെയുള്ള സമയയത്ത് ലൈബ്രറി ഉപയോഗിക്കാൻ കഴിയില്ലെന്ന് റീഡേഴ്സ് ഫോറം ചൂണ്ടിക്കാട്ടി. പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വൈകുന്നേരങ്ങളിൽ എത്തി റഫറൻസ് പുസ്തകങ്ങൾ പരിശോധിക്കുന്നതിനും അഞ്ചു മണിവരെയുള്ള പ്രവർത്തനസമയം തടസമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ലൈബ്രറി ഇല്ലാതാക്കാൻ ശ്രമം : റീഡേഴ്സ് ഫോറം

ലൈബ്രറി ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രവർത്തന സമയപരിധി കുറച്ചതെന്ന് മുനിസിപ്പൽ ലൈബ്രറി റീഡേഴ്സ് ഫോറം നഗരസഭ ചെയർപേഴ്സണ് നൽകിയ പരാതിയിൽ ആരോപിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വായനാശീലം വളർത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും റീഡേഴ്സ് ഫോറം യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബേബിച്ചൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടോമി എഴുമാൻ തുരുത്തിൽ, സിജിൻ എബ്രഹാം, അഗസ്റ്റിൻ കരിമ്പിൻകാല, ഗോപിനാഥപ്പണിക്കർ, സൈജു, ഗിരീഷ്, സെബാസ്റ്റ്യൻ, ഹരീഷ് തുടങ്ങിയവർ സംസാരിച്ചു

"അംഗങ്ങളുടെയും വായനക്കാരുടെയും പരാതിയെ തുടർന്ന് ലൈബ്രറിയുടെ പ്രവർത്തന സമയം വൈകിട്ട് ഏഴുമണിവരെയാക്കാൻ ലൈബ്രറിയേന് നിർദേശനം നൽകി.

-സൗമ്യരാജ്, ചെയർപേഴ്സൺ, നഗരസഭ.