 
ആലപ്പുഴ : പുറക്കാട് ഗവ ഐ.ടി.ഐയുടെ വാടക കുടിശ്ശിക 28 ലക്ഷമായതോടെ കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമകൾ നിയമനടപടിക്കൊരുങ്ങുന്നു. തോട്ടപ്പള്ളിയിലെ കെട്ടിടത്തിൽ 14 വർഷമായി പ്രവർത്തിക്കുന്ന ഐ.ടി.ഐ അഞ്ചര വർഷത്തെ കുടിശ്ശിക നൽകാത്തതിനെ തുടർന്നാണ് ഉടമകളായ തോട്ടപ്പള്ളി പൊന്നൂസ് വില്ലയിൽ ലീബ, ഷീബ എന്നിവർ കോടതിയെ സമീപിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് നിർണയിക്കുന്ന വാടക ഓരോ വർഷവും നൽകണമെന്നായിരുന്നു വ്യവസ്ഥ. തുടക്ക വർഷത്തിലെടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വാടകയാണ് ലഭിക്കുന്നത്. വിഷയത്തിൽ നേരത്തെ നോട്ടീസ് അയച്ചിരുന്നു. പ്രതിമാസം 15,000രൂപയാണ് വാടക. 2008 നവംബർ 25നാണ് ഐ.ടി.ഐ പ്രവർത്തനം ആരംഭിച്ചത്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് പുറക്കാട് ഗ്രാമപഞ്ചാത്ത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമനുസരിച്ച് അടിസ്ഥാന സൗകര്യമൊരുക്കാൻ107 സെന്റ് സ്ഥലം വേണം . നിലവിൽ പുറക്കാട് 16-ാം വാർഡിലുള്ള പഞ്ചായത്ത് വക സ്റ്റേഡിയത്തിന്റെ 62 സെന്റ് സ്ഥലം കൈവശമുണ്ട്. പഞ്ചായത്ത് പത്ത് ലക്ഷം രൂപ ചെലവഴിച്ച് 45 സെന്റ് വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. സ്റ്റേഡിയം വക സ്ഥലം തണ്ണീർത്തട നിയമപരിധിയിലാണ്. ഡാറ്റാബാങ്കിലെ നിലം കരഭൂമിയാക്കി കിട്ടാൻ ഐ.ടി.ഐ പ്രിൻസിപ്പൽ ആലപ്പുഴ ആർ.ഡി.ഒയ്ക്ക് അപേക്ഷ നൽകി.
വാടക : കുടിശിക: 28 ലക്ഷം
മാസവാടക: 15000 രൂപ
ഐ.ടി.ഐയിലെ കോഴ്‌സുകൾ
വെൽഡിംഗ്, ഇന്റീരിയർ ഡെക്കറേഷൻ ആൻഡ് ഡിസൈൻ (ഐ.ഡി.ഡി)
20 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഓരോ കോഴ്‌സും ദിവസവും രണ്ട് ഷിഫ്റ്റുകളിലായി
പുറക്കാട് ഗവ ഐ.ടി.ഐക്ക് സ്ഥലവും കെട്ടിടവും അടിസ്ഥാന സൗകര്യവും ഒരുക്കാൻ 107 സെന്റ് സ്ഥലം വാങ്ങി നൽകും. പഞ്ചായത്തിലെ 8250 കുടുംബങ്ങളിലെ കുട്ടികൾക്ക് മെച്ചപ്പെട്ട സാങ്കേതിക വിദ്യാഭ്യാസം നൽകാൻ കഴിയും. സ്വന്തം കെട്ടിടമായാൽ ലക്ഷകണക്കിന് രൂപ വാടകയിനത്തിൽ പഞ്ചായത്തിന് ലാഭിക്കാം
- സുദർശനൻ, പ്രസിഡന്റ്, പുറക്കാട് ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് സ്റ്റേഡിയത്തിനായി വർഷങ്ങൾക്ക് മുമ്പ് നികത്തിയ സ്ഥലമാണ് ഐ.ടി.ഐക്ക് വേണ്ടി കണ്ടെത്തിയത്. ശേഷിച്ച സ്ഥലം വാങ്ങുവാൻ വകുപ്പുതല അനുമതിക്കുള്ള പ്രവർത്തനം നടക്കുകയാണ്
-സെക്രട്ടറി, പുറക്കാട് ഗ്രാമപഞ്ചായത്ത്
പലതവണ നേരിട്ടും വക്കീൽ നോട്ടീസ് പ്രകാരവും വാടക കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികാരികളെ സമീപിച്ചെങ്കിലും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നത്. 1,58,000രൂപ വെള്ളക്കരവും പഞ്ചായത്ത് അടയ്ക്കാനുണ്ട്
-ഷീബ, കെട്ടിട ഉടമ