
ഹരിപ്പാട്: ഗാന്ധിഭവൻ സ്‌നേഹവീട്ടിലൊരുങ്ങിയ കതിർമണ്ഡപത്തിൽ ദിവ്യയും സുധിനും വിവാഹിതരായി. തങ്ങളുടെ കൊച്ചുമക്കളുടെ വിവാഹം കാണുന്നതുപോലെ എല്ലാവരും പ്രാർത്ഥന കൊണ്ട് ഇരുവരെയും അനുഗ്രഹിച്ചു. ഗാന്ധിഭവനിൽ ഒരു ചടങ്ങിനെത്തിയ തലവടി പത്തിശേരിൽ ഓമനക്കുട്ടൻ - സരള ദമ്പതികളുടെ മകൾ ദിവ്യ ഗാന്ധിഭവനിലെ അമ്മമാരോട് തന്റെ കല്യാണത്തിന് വരണമെന്ന് ക്ഷണിച്ചിരുന്നു. എന്നാൽ പിന്നീട് ഗാന്ധിഭവനിൽ കല്യാണം നടത്താൻ തീരുമാനിക്കുകയായിരുന്നു. ബന്ധുക്കൾ സമ്മതം അറിയിച്ചതോടെ കിടങ്ങറ തട്ടാശേരിൽ സത്യൻ - ഉഷ ദമ്പതികളുടെ മകൻ സുധിനും സമ്മതം അറിയിച്ചു. ആചാര പ്രകാരം ലളിതമായ ചടങ്ങുകളോടെ വിവാഹം നടന്നു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ എ. ശോഭ, ചെറുതന ഗ്രാമ പഞ്ചായത്തംഗം എസ്. അനില എന്നിവർ ആശംസകൾ നേർന്നു. വധൂവരന്മാർ യാത്ര ചോദിച്ചിറങ്ങിയപ്പോൾ നിറകണ്ണുകളോടെ അന്തേവാസികൾ ഇരുവരെയും യാത്രയാക്കി. ഗാന്ധിഭവൻ സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ, അംഗം പ്രണവം ശ്രീകുമാർ, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.