photo

ആലപ്പുഴ: വൈദ്യശാസ്ത്ര - ചികിത്സാ മേഖലയിൽ ആയുർവേദം നൽകിയിട്ടുള്ള സംഭാവനകൾ ആർക്കും നിഷേധിക്കാനാവില്ലെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ജില്ലാ സമ്മേളനം രാമവർമ്മ ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രകൃതിയുമായി ബന്ധപ്പെട്ട ചികിത്സാരീതിയാണ് ആയുർവേദം. എല്ലാമേഖലയിലും ഇടപെട്ട് പ്രവർത്തിച്ച ഋഷിമാർ പകർന്നുതന്ന സമ്പത്താണ് ആയുർവേദത്തെ മഹത്തരമാക്കിയത്. അവർ എഴുതിയ ആയുർവേദ ചികിത്സാഗ്രന്ഥങ്ങൾ ഇന്നും മുതൽക്കൂട്ടാണ്.

പരമ്പരാഗത ഭക്ഷണ രീതി ഉപേക്ഷിച്ചത് മുതലാണ് മനുഷ്യർ രോഗങ്ങൾക്ക് അടിമപ്പെട്ട് തുടങ്ങിയത്. ആയുർവേദത്തിന് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. അനുഭവ സമ്പത്താണ് അവരുടെ സർട്ടിഫിക്കറ്റ്. തരിശ് ഭൂമിയിൽ ഔഷധസസ്യങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ നട്ടുപിടിപ്പിക്കുന്നതിന് അസോസിയേഷൻ വ്യക്തമായ പദ്ധതി സർക്കാരിന് സമർപ്പിച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡോ. എ. സൈനുലാബ്ദീൻ അദ്ധ്യക്ഷനായി. ആയുർവേദത്തിന്റെ ഫലപ്രാപ്തി സംശയ നിഴലിൽ നിറുത്തുന്നവരുടെ വ്യാവസായിക താല്പര്യം തിരിച്ചറിയണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എച്ച്. സലാം എം.എൽ.എ പറഞ്ഞു. വനിതാ സമ്മേളനം നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ് ഉദ്ഘാടനം ചെയ്തു.

എ.എം.എ.ഐ സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ് മുഖ്യാതിഥിയായി. സ്‌പോർട്‌സ് ആയുവേദയുടെ പ്രസക്തി എന്ന വിഷയത്തിൽ ഐ.എസ്.എം മുൻ ജോ. ഡയറക്ടർ ഡോ. ടി.എസ്. ജയൻ പ്രബന്ധം അവതരിപ്പിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ. അബിൻ, നഗരസഭാ കൗൺസിലർ ഡോ. ലിന്റാ ഫ്രാൻസിസ്, എ.എം.എ.ഐ എക്‌സി. അംഗങ്ങളായ ഡോ. രജിത്ത് ആനന്ദ്, ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി, ആശ്വാസ് പ്ളസ് ചെയർമാൻ ഡോ. ആർ. കൃഷ്ണകുമാർ, ജില്ലാ സെക്രട്ടറി ഡോ. കെ. അനീഷ് കുമാർ, ജില്ലാ വനിതാ കൺവീനർ ഡോ. രശ്മി.എസ്.രാജ്,​ എ.എം.എ.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. എ.പി. ശ്രീകുമാർ, ഡോ. റോയ്.ബി. ഉണ്ണിത്താൻ, ഡോ. എസ്. മഹേഷ് കുമാർ, ഡോ. എ. ജയൻ, ഡോ. കെ. മധു, ഡോ. പി. രഞ്ജിത്ത്, ഡോ. കെ.ജി. ഷാജീവ്, ജില്ലാ വനിതാ കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. ലീന.പി.നായർ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. ബി. രാജേഷ് സ്വാഗതം പറഞ്ഞു. സീനിയർ ഡോക്ടേഴ്സിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.