 
കായംകുളം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പുള്ളിക്കണക്ക് പെട്രോൾ പമ്പിൽ കയറി പമ്പ് ജീവനക്കാരനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി കൃഷ്ണപുരം ഷീജാ ഭവനിൽ നാസർ മകൻ ഛോട്ടാ അഫ്സൽ എന്ന് വിളിക്കുന്ന അഫ്സലിനെ (25) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി ഒന്നിന് രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഇയാൾ ഉൾപ്പെട്ട മൂന്ന് അംഗ സംഘം ജീവനക്കാരനെ മർദ്ദിക്കുകയായിരുന്നു. ഒളിവിൽ പോയ അഫ്സൽ പുള്ളിക്കണക്ക് ഗ്രൗണ്ടിന് സമീപം എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം എസ്.ഐ ഉദയകുമാറിന്റെ നേതൃത്വത്തിൽ പൊലീസുകാരായ ഷാജഹാൻ, ശരത്, ദീപക്, അരുൺ , ഫിറോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും കായംകുളം പൊലീസ് അറിയിച്ചു.