ആലപ്പുഴ : സമ്പൂർണ കുടിവെള്ള വിതരണം ലക്ഷ്യമിട്ട് ആലപ്പുഴ നഗരസഭയിലെ 19 വാർഡുകളിൽ അമൃത് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 20 വാട്ടർ കിയോസ്‌കുകൾ മന്ത്രി പി. പ്രസാദ് നാടിന് സമർപ്പിച്ചു. പരാതികൾക്ക് ഇട നൽകാതെ പൊതുജനങ്ങൾക്ക് സഹായകമാകുന്ന തരത്തിൽ പദ്ധതികൾ നടപ്പാക്കുമ്പോഴാണ് വികസനം ജനകീയമാകുന്നതെന്ന് മന്ത്രി പറഞ്ഞു. നഗരസഭ ശതാബ്ദി മന്ദിരത്തിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് സ്വാഗതം പറഞ്ഞു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ വിശിഷടാതിഥിയായി . വാട്ടർ അതോറിട്ടിപ്രോജക്ട് മാനേജർ എസ്.എൽ ജയരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എ. ഷാനവാസ്, കെ.ബാബു, ബീനരമേശ്, ബിന്ദുതോമസ്, ആർ. വിനീത, കൗൺസിലർമാരായ എം.ആർ. പ്രേം, നസീർപുന്നക്കൽ, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ എ.ഷീജ, എ.ഇ.സെലസ്റ്റീന ബായ്, ഓവർസിയർ ശ്യാം, അമൃത് അർബൻ പ്ലാനർ ജയശ്രീ, അമൃത് ഓവർസിയർ പ്രവീൺ, ഫ്‌ലോമാക്‌സ്, വാട്ടർ വേൾഡ് കരാറുകാരായ അനിൽ, ഷെമീർ, ടെക്‌നീഷ്യന്മാരായ ബിജോയ്, നിധീഷ് എന്നിവർ പങ്കെടുത്തു. ആലിശ്ശേരി, വാടയ്ക്കൽ, ഇരവുകാട്,തുമ്പോളി, എം.ഒ വാർഡ്,മംഗലം, കാളാത്ത്, മന്നത്ത് ,വലിയകുളം, ലജനത്ത്,വാടക്കനാൽ, കരളകം, ആശ്രമം, സിവിൽസ്റ്റേഷൻ, ഹൗസിംഗ് കോളനി, റെയിൽവേ സ്റ്റേഷൻ,തിരുവമ്പാടി, പുന്നമട, പള്ളാത്തുരുത്തി എന്നീ 19 വാർഡുകളിലായാണ് 20 വാട്ടർ കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുള്ളത്.
കേരള വാട്ടർ അതോറിറ്റിയുടെ ജലവിതരണ ശൃംഖലയിൽ നിന്നെടുക്കുന്ന ജലം റിവേഴ്‌സ് ഓസ്‌മോസിസ് പ്രവർത്തനം വഴി ശുദ്ധീകരിച്ചാണ് കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്. കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെയാണ് നടത്തിപ്പ് ചുമതല ഏൽപ്പിച്ചിട്ടുള്ളത്. കിയോസ്‌കുകളുടെ പരിപാലനം നഗരസഭയാണ് നിർവ്വഹിക്കുന്നത്. ഒരു കിയോസ്കിന് 10.70 ലക്ഷം നിരക്കിൽ 2.15 കോടി ചിലവഴിച്ച് ഫ്‌ലോമാക്‌സ്, വാട്ടർ വേൾഡ് കമ്പനികളാണ് വർക്കുകൾ പൂർത്തീകരിച്ചത്.