 
ആലപ്പുഴ: ആഘോഷങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ആലപ്പുഴയിൽ ഇനി സംസ്ഥാനത്തെ ആദ്യ ഫ്ളോട്ടിംഗ് പാലം ഉയരും. ഒരാഴ്ച്ചയ്ക്കകം പ്രവർത്തനം ആരംഭിക്കുമെന്നാണ് ആധികൃതർ പറയുന്നത്. തൃശൂർ സ്വദേശികളായ നാല് യുവ സംരംഭകർ ആരംഭിച്ച കാപ്ച്വർ ഡേയ്സ് എന്ന കമ്പനിയാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് രംഗത്തെത്തിച്ചിരിക്കുന്നത്.
അടുത്ത ഒരു വർഷം ഫ്ലോട്ടിംഗ് പാലം ആലപ്പുഴ ബീച്ചിലുണ്ടാവും. തുടർന്ന് മറ്റ് ജില്ലകളിലെ തീരങ്ങളിലുമെത്തും. തുറമുഖ വകുപ്പുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. ലാഭത്തിന്റെ 15 ശതമാനം വിഹിതം സർക്കാരിനുള്ളതാണ്. വരുന്ന മേയ് 31 വരെയുള്ള കരാറാണ് നിലവിൽ കമ്പനിയും ആലപ്പുഴ തുറമുഖ വിഭാഗവുമായി എഴുതിയിരിക്കുന്നത്. കാലാവധി അവസാനിക്കുന്നതോടെ, ഈ വർഷം മുഴുവൻ പ്രവർത്തിക്കുന്നതിന് വേണ്ടി കരാർ പുതുക്കുമെന്ന് സംരംഭകർ പറഞ്ഞു.
ഫ്ലോട്ടിംഗ് ബ്രിഡ്ജ്
നീളം: 150 മീറ്റർ
വീതി: 2 മീറ്റർ
ഹാൻഡ് റെയിൽസ്
5 മീറ്റർ ഇടവിട്ട് സെന്റർ സ്റ്റീൽ റെയിൽസ്
ലൈഫ് ജാക്കറ്റ്
റെസ്ക്യൂ ബോട്ട്
ഡൈവർമാർ
ലൈഫ് ബോയ, റിംഗ്
കരുത്താണ് പ്രധാനം
1. 150 മീറ്ററിൽ 350 കിലോഗ്രാം താങ്ങാനുള്ള ശേഷി
2. 1000 പേർക്ക് ഒരേസമയം കയറാം
3. ആലപ്പുഴയിൽ ഒരു സമയം കയറ്റുന്നത് 100 പേരെ മാത്രം
നിരക്ക്: 200 രൂപ
കൂട്ടുകാരുടെ ആദ്യ സംരംഭം
പ്രവാസി ജീവിതത്തിനിടയിൽ കൂട്ടുകാർക്കിടയിൽ വിരിഞ്ഞ സ്വപ്നമാണ് കേരളത്തിന്റെ തീരങ്ങളിൽ വരും നാളുകളിൽ അലയടിക്കുക. തൃശൂർ സ്വദേശികളായ പി.ബി. നിഖിൽ, പി.ടി. റോബിൻ, വിഷ്ണുദാസ്, ആൽവിൻ എന്നീ യുവ സംരംഭകരാണ് കാപ്ച്വർ ഡേയ്സ് എന്ന കമ്പനി ആരംഭിച്ചത്. 50 ലക്ഷം മുതൽ മുടക്കുള്ളതാണ് സംരംഭം. ഹൈ ഡെൻസിറ്റി പോളി എത്തിലിൻ ബ്ലോക്കുകളിലാണ് പാലം നിർമ്മിക്കുന്നത്. ഒരു ബ്ലോക്കിന് 85 കിലോ ഭാരമുള്ളയാളെ മുങ്ങാതെ താങ്ങാനുള്ള കരുത്തുണ്ട്. ആലപ്പുഴ എം.എൽ.എ പി.പി. ചിത്തരഞ്ജൻ, മാരിടൈം ബോർഡ് ചെയർമാൻ വി.ജെ. മാത്യു, പോർട്ട് ഓഫീസർമാരായ അശ്വനി പ്രതാപ്, എബ്രഹാം കുര്യൻ എന്നിവർ നൽകിയ പിന്തുണയാണ് ആദ്യ അവസരം ആലപ്പുഴയിൽ ലഭിക്കാൻ കാരണമെന്ന് സംരംഭകർ പറയുന്നു.
""
നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ആലപ്പുഴക്കാർ നൽകുന്നത്. പരിപാടി വിജയകരമാകുന്ന മുറയ്ക്ക് എല്ലാ കടൽത്തീരങ്ങളിലും പദ്ധതി എത്തിക്കും.
പി.ബി. നിഖിൽ, കാപ്ച്വർ ഡേയ്സ്