sudhash

ചങ്ങനാശേരി: എം.സി റോഡിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി യാത്രക്കാരൻ മരിച്ചു. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. കായംകുളം പത്തിയൂർ അക്കിത്തത് സുഭാഷാണ് (41) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മോഹിത്, ഷൈജു എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 12 ഓടെ ചങ്ങനാശേരി ളായിക്കാട് എം.സി റോഡിലായിരുന്നു അപകടം. കോട്ടയം നഗരത്തിൽ നടന്ന ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച കാർ ളായിക്കാട് ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. സുഭാഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. മോഹിത്താണ് കാർ ഓടിച്ചിരുന്നത്. മൃതദേഹം ചങ്ങനാശേരിയിലെ ആശുപത്രി മോർച്ചറിയിൽ.