ഹരിപ്പാട്: ദുരവസ്ഥ ഒരു വിലക്ഷണ കൃതിയാണെന്ന് ആശാൻ പറഞ്ഞതിനെ നമ്മുടെ നിരൂപകർപോലും തെറ്റായാണ് മനസിലാക്കിയതെന്ന് ഡോക്യുമെന്ററി സംവിധായകനും ജൈവ വൈവിദ്ധ്യബോർഡ് കൊല്ലം ജില്ലാ മുൻ കോഓഡിനേറ്ററുമായ പ്രൊഫ. രാധാകൃഷ്ണക്കുറുപ്പ് പറഞ്ഞു. പ്രാദേശിക ചരിത്രചരിത്രകാരന്മാരുടെയും പഠിതാക്കളുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ നാട്ടെഴുത്തുകൂട്ടത്തിന്റെ ആശാൻ സ്മൃതിയോടനുബന്ധിച്ച് നടന്ന 'ആശാൻ കവിത: അന്വേഷണം ആലാപനം ആസ്വാദനം' സെമിനാറും കവിതാലാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലാസിക്കൽ ഇതിവൃത്തമായിരുന്നു നൂറുവർഷം മുമ്പ് കവിതകളുടെ മുഖ്യപ്രമേയമായിരുന്നത്.അതിൽ നിന്നുള്ള വഴിമാറിനടത്തമായിരുന്നു ആശാന്റെ ദുരവസ്ഥ. സമകാലി​കമായ ഒരു ജനകീയ വിഷയത്തെയാണ് ആശാൻ കവിതയിലൂടെ സംബോധന ചെയ്തത്. ഇതാണ് ആശാൻ സൂചിപ്പിച്ച വിലക്ഷണത. ഇതു മനസിലാക്കാതെ ഇരുട്ടിൽത്തപ്പിയ നിരൂപകർ ആശാന്റെ ഭാഷ, ശൈലി, പ്രയോഗം, പ്രമേയം എന്നിവയിൽ വിലക്ഷണത കണ്ടു. അത്തരക്കാർ ആശാനെ മുസ്ലിം വിരോധിയുമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. എം.എൻ ശ്രീകണ്ഠൻ അദ്ധ്യക്ഷനായി. പത്തിയൂർ ശ്രീകുമാർ, സുരേഷ് മണ്ണാറശാല, അഡ്വ. അമൽരാജ്, കരുവാറ്റ പങ്കജാക്ഷൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സുജാത സരോജം, ശ്രീരഞ്ജിനി എൽ, മായാ വാസുദേവ്, അനാമിക ഹരിപ്പാട്, ശെൽവറാണി, ഷാജി മാധവൻ, മഹി ഹരിപ്പാട്, പ്രശാന്ത് കട്ടച്ചിറ, തുടങ്ങിയവർ കവിതാലാപനം നടത്തി. ബിനു വിശ്വനാഥ്, ജി സുഗത, ആർട്ടിസ്റ്റ് സുരേഷ്, സത്യശീലൻ കാർത്തികപ്പള്ളി, ആദർശ് ഗോപിനാഥ്, ടി. സജി, ഹരികുമാർ ഇളയിടത്ത് തുടങ്ങിയവർ സംസാരിച്ചു.