 
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ ജാർഖണ്ഡ് സ്വദേശിക്ക് ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തിൽ അന്ത്യവിശ്രമത്തിനിടമൊരുങ്ങി. കിഡ്നി രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് ജാർഖണ്ഡ് ബാരാ ഗഞ്ചി സ്വദേശിയായ ഗ്രിഗറി ബാസ്കേ(44) മരിച്ചത്. മൃതദേഹം അടക്കം ചെയ്യാൻ പെട്ടി വാങ്ങാൻ പോലും പണമില്ലാതെ പകച്ചു നിന്ന കുടുംബത്തിന് സഹായവുമായി എത്തിയത് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അംഗവുമായ യു. എം. കബീർ, കെ.പി.സി.സി ഒ .ബി .സി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ്  സഹദേവൻ, ഷംസുദീൻ അൽ അമീൻ എന്നിവരാണ്.
പുന്നപ്ര വിയാനി പള്ളിയിലാണ് സംസ്കാരം നടന്നത്. സംസ്കാര ശുശ്രൂഷക്ക് ഫാ.എഡ്വേർഡ് പുത്തൻപുരക്കൽ നേതൃത്വം നൽകി. പുന്നപ്ര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് മൈക്കിൾ പി ജോൺ, ടൈറ്റസ് ജെറോം പുത്തൻപുരയ്ക്കൽ,ടി .എസ്. തങ്കച്ചൻ, സൈമൺ അറക്കൽ,അലോഷ്യസ്,ലെക്സിൻ എന്നിവരും പങ്കെടുത്തു. മുന്നു മാസം മുമ്പ് ജോലിക്കായി തമിഴ്‌നാട് കമ്പത്ത് എത്തിയതാണ് ഗ്രിഗറിയും ഭാര്യ തലമെ മുർമുവും. കിഡ്നി സംബന്ധമായ അസുഖമുണ്ടായിരുന്ന ഗ്രിഗറി നാട്ടിൽ പോകുന്നതിനായി ഇടുക്കിയിൽ ജോലി ചെയ്തുവന്ന മക്കൾക്കൊപ്പം ജാർഖണ്ഡിലേക്ക് പോകുന്നതിനാണു എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അവിടെ വെച്ച് കൂഴഞ്ഞ് വീണതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയഴ്ച്ച മരണമടയുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം നിയമനടപടികൾ പൂർത്തീകരിച്ച് തിങ്കളാഴ്ച്ചയാണു മൃതദേഹം സംസ്കരിച്ചത്.