മാവേലിക്കര: ഓണാട്ടുകര സുഗന്ധ വ്യഞ്ജന കർഷക ഉത്പാദക കമ്പനിയുടെ ആറാമത് വാർഷിക പൊതുയോഗം ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയ്‌ക്ക് അനുയോജ്യമായ സുഗന്ധവ്യഞ്ജന വിളകളായ മഞ്ഞൾ, ഇഞ്ചി, കുരുമുളക്, കുടംപുളി എന്നിവ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുക, സംഭരിക്കുക, സംസ്കരിച്ച്‌ ഉത്പന്നങ്ങളാക്കി വിപണം നടത്തുക എന്നിവയാണ് കമ്പനിയുടെ ലക്ഷ്യം. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയും ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയുമാണ് പ്രവർത്തനം.

മാനേജിംഗ് ഡയറക്ടർ രജനി ജയദേവ് അദ്ധ്യക്ഷയായി. ഭരണിക്കാവ്‌ ഗ്രാമപഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ കമ്പനി ഡയറക്ടർമാർ, ഓഹരി ഉടമകളായ കർഷകർ, കൃഷി വിജ്ഞാന കേന്ദ്രം പ്രതിനിധി രാജീവ്‌, കമ്പനി സി.ഈ.ഓ വിനോദ് തുടങ്ങിയവർ പങ്കെടുത്തു. 350 ഓളം കർഷകർ പങ്കാളികളായ കമ്പനി തുടർച്ചയായി രണ്ടാം വർഷവും ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. ഉത്പന്ന സംസ്ക്കരണത്തിന് യന്ത്രവത്ക്കരണം ഏർപ്പെടുത്താനും ഫെബ്രുവരി മാസത്തോടെ ഈ വർഷത്തെ ഉത്പന്നസംഭരണം ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.