മാവേലിക്കര: വിമുക്തഭടനും വിരമിച്ച ഉയർന്ന പൊലീസ് ഓഫീസറുമായ മുതിർന്ന പൗരനെ ബാങ്ക് മാനേജർ അധിഷേപിച്ചതായി പരാതി. പന്തളം കാനറാ ബാങ്ക് മാനേജർക്കെതിരെയാണ് മാവേലിക്കര പടിഞ്ഞാറെ നട കാർത്തികയിൽ രാധാകൃഷ്ണപിള്ള പന്തളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പന്തളം ഇൻസ്പെക്ടർ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ 11നാണ് കേസിന് ആസ്പദമായ സംഭവം. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുവാനായി മുൻകൂട്ടി അനുമതി വാങ്ങിയ ശേഷം പന്തളം ബ്രാഞ്ചിലെത്തിയ ഇദ്ദേഹം അരമണിക്കൂർ കാത്തിരുന്നിട്ടും മാനേജർ കാണാൻ കൂട്ടാക്കി​യി​ല്ല. ഇതേ തുടർന്ന് മാനേജരുടെ കാബിനിലേക്ക് കയറിയ രാധാകൃഷ്ണണപിള്ളയോട് മാനേജർ അപമര്യാദയായി പെരുമാറിയെന്നും ക്ഷോഭിച്ച് കാബിനിൽ നിന്നും ഇറക്കിവിട്ടുവെന്നുമാണ് പരാതി. താൻ വിമുക്തഭടനാണെന്ന് വെളി​പ്പെടുത്തി​യി​ട്ടും മാനേജർ ഒരു പരിഗണനയും നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.