ആലപ്പുഴ: കെ. എസ്. ഇ. ബി മുഹമ്മ സെക്ഷനിൽ പുതിയ വൈദ്യുതി കണക്ഷന് അപേക്ഷിച്ചവരും കെട്ടിട നിർമ്മാണം അടക്കമുള്ള പ്രവർത്തികൾക്കായി വൈദ്യുതി ലൈനും തൂണും മാറ്റി സ്ഥാപിക്കുന്നതിനും പണമടച്ചിട്ടുള്ളവരും കാത്തിരുന്നു വലയുകയാണ്. വൈദ്യുത പോസ്റ്റുകൾ ആവശ്യത്തിനില്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
പഞ്ചായത്തുകൾ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് പണം ഒടുക്കിയിട്ടും ഇതേ കാരണത്താൽ പ്രവൃത്തികൾ ഇഴയുകയായിരുന്നു. കഴിഞ്ഞ ദിവസം ഇതിൽ പ്രതിഷേധിച്ച് മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറെ നേരിൽ കണ്ട് പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തൂണുകൾ അനുവദിച്ചതും നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. തെരുവ് വിളക്ക് ഇല്ലാത്തതിനാൽ മണ്ണഞ്ചേരി ഭാഗത്ത് കാൽനടക്കാരും ഇരുചക്ര വാഹനർക്കും യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടായിരുന്നു. ഈ ഭാഗങ്ങളിൽ തെരുവ് നായ ശല്യവും രൂക്ഷമാണ്. സെക്ഷൻ ഓഫീസുകളിൽ വൈദ്യുതി തൂണുകളുടെ ലഭ്യതക്കുറവ് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഇത് മൂലം പ്രദേശങ്ങളിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ അടക്കം മുടങ്ങി കിടക്കുകയാണ്. ഇതിനാൽ പല വീടുനിർമ്മാണവും പാതി വഴിയിൽ നിലച്ചിരിക്കുകയാണ്. നിർമ്മാണം പൂർത്തീകരിച്ച് ഗൃഹ പ്രവേശനം വും കഴിഞ്ഞ വീടുകളും കണക്ഷൻ വേണ്ടിയുള്ള കാത്തിരിക്കുന്ന അവസ്ഥയുണ്ട്.
.......
'' വൈദ്യുത പോസ്റ്റുകളുടെ ലഭ്യത കുറവുണ്ട്. പല സ്ഥലങ്ങളിലും പഴയ പോസ്റ്റുകൾ മാറി കൊണ്ടിരിക്കുകയാണ്. പുതിയ പോസ്റ്റുകൾ പഴയതിനേക്കാൾ കട്ടി കൂടിയതാണ്.ഇനി മുതൽ ഈ പോസ്റ്റുകൾ മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. ഈ പോസ്റ്റുകളുടെ നിർമ്മാണ പ്രവർത്തനം നടക്കുകയാണ്. സെക്ഷനിലേക്ക് 15 എണ്ണംകഴിഞ് ദിവസം ലഭ്യമായി. അപേക്ഷകരുടെ ആദ്യക്രമം അനുസരിച്ച് പുതിയ കണക്ഷൻ നൽകി വരുന്നു.
(ഫൈസൽ, എ.ഇ, മുഹമ്മ സെക്ഷൻ
'' പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് കൂടി കടന്നു പോകുന്ന ലൈനും പോസ്റ്റും മാറ്റി സ്ഥാപിക്കാൻ പണം അടച്ചിട്ട് മാസങ്ങളായി. സെക്ഷൻ ഓഫീസിൽ ചെല്ലുമ്പോൾ പോസ്റ്റ് ഇല്ലാത്തതിന്റെ പേരിലാണ് താമസം എന്നുമാത്രമാണ് ഉത്തരം. ഓഫീസ് കയറി ഇറങ്ങി മടുത്തു.
ഷാജഹാൻ, മണ്ണഞ്ചേരി