s

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം ഫലവൃക്ഷങ്ങളുടെ കായ്‌ഫലത്തെ പ്രതികൂലമായി ബാധിക്കുന്നു. കേരളത്തിൽ മാങ്ങ വിളയുന്ന സമയമായിട്ടും ഇത്തവണ പല മാവുകളും പൂവിട്ടിട്ടേയുള്ളു. നാട്ടിൽ മാങ്ങ കിട്ടാനില്ലാതായതോടെ, വരവ് മാങ്ങയാണ് വിപണിയിലുള്ളത്. ഡിമാൻഡ് മുതലെടുത്ത്, കിലോഗ്രാമിന് 60 രൂപയിൽ കിടന്ന പച്ച മാങ്ങയുടെ വില ഒറ്റയടിക്ക് ഇരട്ടിയിലധികം കുതിച്ച് കയറി. നാടൻ മാങ്ങ പാകമായി വരാൻ ഇനിയും ഒരുമാസത്തിലധികം കാത്തിരിക്കണം. രണ്ട് ദിവസം ഇടവിട്ടാണ് തമിഴ്നാട്ടിൽ നിന്നുള്ള സ്റ്റോക്ക് ജില്ലയിലെത്തുന്നത്. ലോഡിന്റെ വരവ് കുറഞ്ഞാൽ വില വീണ്ടും കുതിച്ചുകയറാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ പൂക്കുന്ന മാവുകൾ ഇത്തവണ പുതുവർഷത്തോടടുപ്പിച്ചാണ് പൂവിടാൻ ആരംഭിച്ചത്. 2018ലെ പ്രളയത്തിനു ശേഷം ഓരോ വർഷവും ഉത്പാദനം കുറയുന്നതായി കർഷകർ പറയുന്നു. മഴയുടെ ഏറ്റക്കുറച്ചിലും കാലാവസ്ഥ വ്യതിയാനവും കാർഷിക മേഖലയിൽ ഉത്പാദനം ഗണ്യമായി കുറച്ചു. കാലം തെറ്റിയ മഴ വൻ തിരിച്ചടി സൃഷ്ടിക്കുമെന്നാണ് കാർഷിക മേഖലയിലെ വിദഗ്ദ്ധരുടെ വിലയിരുത്തൽ. ജനിതക, കാലാവസ്ഥാ ഘടകങ്ങൾ ചെടികളുടെ പുഷ്പിക്കുന്ന പതിവിനെ സ്വാധീനിക്കുന്നുണ്ട്.

പച്ചമാങ്ങ വില : 120 - 140 രൂപ

വില്പനയിൽ ഇടിവ്

മാങ്ങാ വില സെഞ്ച്വറി അടിച്ചതോടെ, ആവശ്യക്കാർ പലരും വിപണിയിൽ നിന്ന് പിൻവാങ്ങുകയാണ്. അച്ചാർ വ്യാപാരികളെയാണ് വിലക്കയറ്റം സാരമായി ബാധിക്കുന്നത്. മാങ്ങയുടെ വിലയുടെ പേരിൽ പൊടുന്നനെ അച്ചാർ വിലയിൽ വർദ്ധനവ് വരുത്തിയാൽ, കൊവിഡ് കാലത്ത് കച്ചവടം ഇടിയുമോ എന്ന അങ്കലാപ്പിലാണ് വ്യാപാരികൾ.

'' വരവ് മാങ്ങയാണ് ഇപ്പോൾ കച്ചവടത്തിനെത്തുന്നത്. നാടൻ മാങ്ങ അടുത്ത മാസത്തോടെ എത്തും. ഡിമാൻഡ് കൂടിയതോടെ വിലയും ഉയർന്നു. ആവശ്യത്തിനുള്ള ലോഡ് പോലും തമിഴ്നാട്ടിൽ നിന്നെത്തുന്നില്ല

ഫാസിൽ,വ്യാപാരി