
ആലപ്പുഴ : കാലപ്പഴക്കം പുറംമോടിക്ക് മങ്ങലേൽപ്പിച്ചെങ്കിലും പഴയ പ്രതാപം ഓർമ്മയിൽ സൂക്ഷിച്ച് കനാൽക്കരയിൽ നിലകൊള്ളുകയാണ് ആലപ്പുഴയിലെ ആദ്യ അലക്കു കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടം. കൊച്ചുകടപ്പാലത്തിന് സമീപം ഗുജറാത്തി ജെയിനക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് നൂറുവർഷത്തിലധികം പഴക്കമുണ്ട്.
ഈ കെട്ടിടത്തിൽ 75 വർഷത്തോളമാണ് ആലപ്പുഴ നഗരത്തിലെ താമസക്കാരനായ പൊന്നപ്പനും മുൻതലമുറക്കാരും അലക്കുകമ്പനി നടത്തിയിരുന്നത്. ആലപ്പുഴ അടക്കിവാണ ഉന്നത പൊലീസ് ഓഫീസർമാരുടെയും, പോർട്ട് ഉദ്യോഗസ്ഥരുടെയുമടക്കം വസ്ത്രങ്ങൾ അലക്കിവെളുപ്പിച്ചിട്ടുള്ള കമ്പനിക്ക് പൂട്ടുവീണിട്ട് പത്ത് വർഷത്തിലധികമായി . ഒരു കാലത്ത് ടോക്കണുകളുമായി പ്രഗത്ഭരടക്കം അലക്കിത്തേച്ച വസ്ത്രങ്ങൾക്ക് വേണ്ടി വരി നിന്നിരുന്ന കെട്ടിടത്തിൽ ഇന്നും അലക്കുകമ്പനി എന്ന ബോർഡ് പ്രായാധിക്യമേൽക്കാതെ നിലനിൽക്കുന്നു. ഡ്രൈ ക്ലീനിംഗ് സെന്ററുകളും, വാഷിംഗ് മെഷീനുകളും വിപ്ലവം സൃഷ്ടിച്ച കാലത്ത് പോലും, അലക്കുകമ്പനിയിൽ നിന്ന് മടക്കിക്കിട്ടുന്ന ചൗവ്വരി പശയിൽ മുങ്ങി വടിവൊത്ത വസ്ത്രങ്ങൾക്ക് ഡിമാൻഡ് ഇടിഞ്ഞിരുന്നില്ലെന്ന് സമീപവാസികൾ ഓർമിക്കുന്നു.
ടോക്കണുമായി ക്യൂ നിന്നിരുന്ന കാലം
ജില്ലാ സായുധ ക്യാമ്പ്, സബ് ജയിൽ, കസ്റ്റംസ് ഓഫീസ് തുടങ്ങിയ സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്ക് അക്കാലത്ത് ഏറെ പ്രിയം അലക്കുകമ്പനിയിൽ വസ്ത്രങ്ങൾ അലക്കികിട്ടുന്നതിനോടായിരുന്നു. പൊലീസ് ക്യാമ്പിൽ വസ്ത്രങ്ങൾ വൃത്തിയാക്കാൻ ജീവനക്കാരുണ്ടായിട്ടും, സ്ഥിരമായി ഇതേ അലക്കുകമ്പനിയെ ആശ്രയിക്കുന്നവരായിരുന്നു ഭൂരിഭാഗം ഉദ്യോഗസ്ഥരുമെന്ന് പ്രദേശത്ത് 45 വർഷമായി തയ്യൽക്കട നടത്തിവരുന്ന ബി.ആർ.സത്യരാജ് ഓർമ്മിക്കുന്നു. തുറമുഖത്തിന്റെ പ്രതാപകാലത്തായിരുന്നു തിരക്ക് കൂടുതൽ. ടോക്കൺ നൽകിയാണ് തിരക്ക് നിയന്ത്രിച്ചിരുന്നത്. അലക്കുവസ്ത്രങ്ങൾ വാങ്ങാനെത്തുന്നവർക്ക് ഇരിക്കുവാനായി പണിത കൽ ചാരുകസേരകളുടെ ബാക്കിപത്രം ഇന്നും കടയ്ക്ക് മുന്നിൽ ശേഷിക്കുന്നു. കനാൽക്കരയിൽ സ്ത്രീകളുൾപ്പടെയുള്ള തൊഴിലാളികൾ കൂമ്പാരം കണക്കെ വസ്ത്രങ്ങൾ അലക്കി വെളുപ്പിക്കും. പാരമ്പര്യമായി പിന്തുടർന്ന് വന്നിരുന്ന ജോലി പുതുതലമുറയിലേക്ക് കൈമാറപ്പെട്ടില്ല. അവസാനമായി അലക്കുകമ്പനി നടത്തിയിരുന്ന പൊന്നപ്പന്റെ മരണശേഷം കമ്പനി പ്രവർത്തിച്ചിട്ടില്ല.
ആലപ്പുഴയുടെ ചരിത്രത്തോടൊപ്പം ഏറെദൂരം സഞ്ചരിച്ച അലക്കുകമ്പനി സംരക്ഷിക്കാൻ മുന്നോട്ട് വരണം. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടണം
- സലിം പുളിമൂട്ടിൽ, സാമൂഹ്യപ്രവർത്തകൻ