ആലപ്പുഴ:കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സർവ്വകക്ഷി യോഗം ഓൺ ലൈനായി ചേർന്ന് നഗരസഭയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി.നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിയ്ക്കുന്നുണ്ടെന്നുറപ്പാക്കാനുള്ള പരിശോധനകൾ ശക്തമാക്കാനും അനൗൺസ്‌മെന്റ് അടക്കമുള്ള പരിപാടികളിലൂടെ ബോധവത്കരണം ശക്തമാക്കാനും വാർഡുതല ജാഗ്രതാ പരിതികളുടെ പ്രവർത്തനം ഊർജ്ജിതമാക്കാനും തീരുമാനിച്ചു. വിവാഹം പോലുള്ള പൊതു ചടങ്ങുകളിൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കും. നഗരസഭയുടെ കീഴിലെ ജനറൽ ആശുപത്രിയിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഓക്‌സിജൻ ഓഡിറ്റും മെഡിസിൻ ഓഡിറ്റും നടത്തും.
ആളുകൾ കൂടുതലായി വരുന്ന മാർക്കറ്റും മറ്റ് പൊതു ഇടങ്ങളും അണു വിമുക്തമാക്കും.വാക്‌സിനേഷൻ ഊർജ്ജിതമാക്കാനും ഇതുവരെ വാക്‌സിനെടുക്കാത്തവരെ കണ്ടെത്തി വാക്‌സിനെടുപ്പിക്കാനും തീരുമാനമായി.
നഗരസഭ അദ്ധ്യക്ഷ സൗമ്യരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉപാദ്ധ്യക്ഷൻ പി..എസ്..എം ഹുസൈൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ബീന രമേശ്, എ.ഷാനവാസ്, ആർ.വിനീത, കെ.ബാബു, ബിന്ദു തോമസ്, കക്ഷി നേതാക്കളായ എം.ആർ പ്രേം,ഡി.പി.മധു,റീഗോ രാജു,ഹരികൃഷ്ണൻ,നസീർ പുന്നയ്ക്കൽ,എം.ജി. സതീദേവി,രതീഷ്, സലിം മുല്ലാത്ത് ,സെക്രട്ടറി നീതുലാൽ, മുനിസിപ്പൽ എൻജിനീയർ ഷിബു എൽ.നാൽപ്പാട്ട് എന്നിവർ സംസാരിച്ചു.